ബംഗളൂരു : കര്‍ണാടകത്തില്‍ നിന്നും സൈന്യത്തിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്ത കൊടും ഭീകരന്‍ താലിബ് ഹുസൈനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. താലിബ് ഹുസൈന്‍ ബംഗളൂരുവില്‍ കഴിഞ്ഞത് സാധാരണ തൊഴിലാളിയായിട്ടാണെന്നാണ് വിവരം.
Read Also: ക്യാംപസുകളിൽ നാഷണൽ സർവീസ് സ്‌കീമിന്റെ പ്രാധാന്യം കൂടിവരുന്നു: മുഖ്യമന്ത്രി
വിഘടനവാദി ഗ്രൂപ്പായ ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ഇയാളെ കഴിഞ്ഞ മാസം 29നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട ഏതാനും കേസുകളില്‍ സൈന്യം തിരയുന്നയാളാണ് ഇയാള്‍.
കെ എസ് ആര്‍ റെയില്‍വേ സ്റ്റേഷനില്‍ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തിരുന്ന ഹുസൈന്‍ ഓകലിപുരത്ത് ഒരു ചെറിയ കുടില്‍ വാടകയ്ക്കെടുത്തിരുന്നു. പിന്നീട് ഗുഡ്‌സ് ഓട്ടോ ഓടിക്കാന്‍ ആരംഭിച്ചു. കോവിഡ് കാലത്ത് വാടക നല്‍കാന്‍ നിവൃത്തിയില്ലാതിരുന്ന ഇയാളെ വാടക വീടിന്റെ ഉടമ ഇറക്കി വിട്ടതിനെ തുടര്‍ന്ന് സമീപത്തെ പള്ളിയിലായിരുന്നു കഴിഞ്ഞിരുന്നത്. ലോക്ഡൗണ്‍ സമയത്ത് വാടക വീട്ടില്‍ നിന്നും പുറത്താക്കിയതിനാലാണ് പള്ളിയില്‍ അഭയം നല്‍കിയത്. ഭാര്യയും ആറുമാസം പ്രായമായ കുഞ്ഞടക്കം മൂന്ന് കുട്ടികളുമായി എത്തിയ ഇയാളെ മാനുഷിക പരിഗണന നല്‍കിയാണ് അഭയം നല്‍കിയത്. പള്ളിയില്‍ വിറക് സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന മുറിയിലാണ് ഇയാള്‍ കുടുംബ സമേതം താമസിച്ചത്.
പിന്നീട് ഹുസൈന്റെ മുതിര്‍ന്ന കുട്ടികള്‍ക്ക് ചിക്കന്‍പോക്‌സ് പിടിപെട്ടതോടെ സമീപവാസികള്‍ പണം സ്വരൂപിച്ച് ഭാര്യയെ മൂന്ന് കുട്ടികളുമായി കശ്മീരിലേക്ക് തിരിച്ചയച്ചു. തുടര്‍ന്നും ബംഗളൂരുവില്‍ കഴിഞ്ഞ ഹുസൈന്‍ ഗുഡ്‌സ് വാഹനം ഓടിക്കുകയും വിമാനത്താവളം, കെംപെഗൗഡ ബസ് സ്റ്റാന്‍ഡ്, സിറ്റി റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേയ്ക്ക് സാധനങ്ങള്‍ എത്തിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് ബംഗളൂരുവിലും കാശ്മീരിലുമായി രണ്ട് ഭാര്യമാരുണ്ട്. കഷ്ടപ്പാട് കണ്ട് പലപ്പോഴും ഇയാളെ ഒക്കലിപുരം നിവാസികള്‍ പണം നല്‍കി സഹായിച്ചിരുന്നു.
Post Your Comments