പാലക്കാട്: ഫ്ളാറ്റില്‍ നിന്നും തന്നെ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ എടുത്തത് മുഖ്യമന്ത്രിയ്ക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകളിലെ പ്രതികാര നടപടിയെന്ന് പ്രതികരിച്ച് സരിത്ത്. വിജിലന്‍സ് ചോദിച്ചത് മുഴുവന്‍ സ്വപ്നയുടെ വെളിപ്പെടുത്തലിനെക്കുറിച്ചായിരുന്നുവെന്ന് സരിത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. രാവിലെ കസ്റ്റഡിയില്‍ എടുത്ത സരിത്തിനെ ഉച്ചയോടെയാണ് വിജിലന്‍സ് വിട്ടത്.
Read Also: പാശ്ചാത്യ രാജ്യങ്ങളുടെ ചേരിതിരിവിനെതിരെയുള്ള ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച് ചൈന
ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ടാണ് തന്നെ കസ്റ്റഡിയില്‍ എടുത്തത് എന്നാണ് വിജിലന്‍സ് പറഞ്ഞത്. എന്നാല്‍, കേസിനെക്കുറിച്ച് ഒരു കാര്യവും തന്നോട് ആരാഞ്ഞില്ല. ചോദിച്ചത് മുഴുവന്‍ സ്വപ്നയെക്കുറിച്ചാണ്. ആരുടെ നിര്‍ബന്ധപ്രകാരമാണ് സ്വപ്ന മുഖ്യമന്ത്രിയ്ക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയത് എന്നായിരുന്നു അവര്‍ക്ക് അറിയേണ്ടിയിരുന്നതെന്ന് സരിത്ത് പറഞ്ഞു.
തന്നെ ബലം പ്രയോഗിച്ചാണ് ഫ്ളാറ്റില്‍ നിന്നും പിടിച്ചുകൊണ്ടുപോയത്. മൂന്ന് പേര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. ഫ്ളാറ്റില്‍ എത്തിയ ഇവര്‍ ബെല്ലടിച്ചു. വാതില്‍ തുറന്നപ്പോള്‍ സരിത്താണോയെന്ന് ചോദിച്ചു. തുടര്‍ന്ന് പിടിച്ച് വലിച്ച് കാറില്‍ കയറ്റുകയായിരുന്നു. ചെരിപ്പിടാനോ മറ്റുള്ളവരുമായി ആശയവിനിമയം നടത്താനോ സമ്മതിച്ചില്ല. വാഹനത്തില്‍ കയറിയതും തന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തുവെന്നും സരിത്ത് വ്യക്തമാക്കി.
‘വിജിലന്‍സ് ഓഫീസില്‍ എത്തിയപ്പോഴാണ് കൊണ്ടുപോയത് ഉദ്യോഗസ്ഥരാണെന്ന് മനസിലായത്. മൊബൈല്‍ ഫോണ്‍, ഉദ്യോഗസ്ഥരുടെ കസ്റ്റഡിയില്‍ ആണ്. സീഷര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ലൈഫ് മിഷന്‍ അഴിമതി കേസിലെ പ്രതിയാണെന്നാണ് അവര്‍ പറയുന്നത്. നോട്ടീസ് നല്‍കിയാണ് കൊണ്ടുപോയതെന്ന വിജിലന്‍സ് വാദം തെറ്റാണ്. തനിക്ക് നോട്ടീസ് നല്‍കിയില്ല. ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ഫ്ളാറ്റിലെ സിസിടിവിയില്‍ നിന്നും ലഭിക്കും’, സരിത്ത് പറഞ്ഞു.
Post Your Comments