KeralaLatest NewsNews

ചന്ദ്രികയ്ക്ക് മരണമൊഴി, 90 വയസ്സ് പിന്നിട്ട പാരമ്പര്യത്തിന് തൂക്കു കയർ വിധിയ്ക്കപ്പെട്ടിരിക്കുന്നു: കുറിപ്പ്

ഒരാഴ്ചപ്പതിപ്പ് പോലും മര്യാദക്ക് വിറ്റ് നടത്തിക്കൊണ്ടുപോകാനാകാത്തവർ എങ്ങിനെ പ്രതിരോധിക്കാനാണ് വരുംകാല ഫാസിസങ്ങളെ?

 കോഴിക്കോട് :  ചന്ദ്രിക ആഴ്ചപ്പതിപ്പും മഹിളാ ചന്ദ്രികയും പ്രസിദ്ധീകരണം നിർത്തുന്നതായി മാനേജ്‌മെന്റ്. കോഴിക്കോട്‌ ആസ്ഥാനമായുള്ള മുസ്‌ലിം പ്രിന്റിംഗ്‌ ആന്റ്‌ പബ്ലിഷിംഗ്‌ കമ്പനിയാണ് ചന്ദ്രിക ദിനപത്രത്തിനൊപ്പം ഇവ രണ്ടും പുറത്തിറക്കിയിരുന്നത്.  സാമ്പത്തിക നഷ്ടങ്ങളെ തുടർന്ന് ചന്ദ്രിക ആഴ്ചപ്പതിപ്പും മഹിളാ ചന്ദ്രികയും നിർത്തുന്നതായി അറിയിച്ചിരിക്കുകയാണ് മുസ്‌ലിം പ്രിന്റിംഗ്‌ ആന്റ്‌ പബ്ലിഷിംഗ്‌ കമ്പനി. എന്നാൽ, ഇത് സാംസ്കാരിക കേരളത്തിനു വലിയൊരു നഷ്ടമാണെന്ന് വിലയിരുത്തുകയാണ് വായനക്കാർ.

നല്ലത് വിൽക്കനറിയാത്ത ഭാവനാശൂന്യമായ മാർക്കറ്റിങ്ങ് വിഭാഗത്തിലെ മുതലാളിമാർ കൊന്നു കളഞ്ഞ മികച്ച ആഴ്ചപ്പതിപ്പുകൾ മലയാളത്തിൽ നിരവധിയാണെന്ന് എഴുത്തുകാരൻ പ്രേം ചന്ദ് പറയുന്നു. കൗമുദി ഗ്രൂപ്പിന്റെ ഫിലീം മാഗസിനും മാതൃഭൂമി ഗ്രൂപ്പിന്റെ ചിത്രഭൂമിയും ഇങ്ങനെ നിന്ന് പോയതാണെന്ന് ചൂണ്ടിക്കാട്ടിയ പ്രേംചന്ദ് ഒരാഴ്ചപ്പതിപ്പ് പോലും മര്യാദക്ക് വിറ്റ് നടത്തിക്കൊണ്ടുപോകാനാകാത്തവർ എങ്ങിനെ പ്രതിരോധിക്കാനാണ് വരുംകാല ഫാസിസങ്ങളെയെന്നു പരിഹസിക്കുന്നുണ്ട്.

read also: നാല് വർഷത്തിനിടെ 1000 പുതിയ ടൂറിസം കേന്ദ്രങ്ങൾ കണ്ടെത്തും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

കുറിപ്പ് പൂർണ്ണ രൂപം,

#ചന്ദ്രികക്ക്
#മരണമൊഴി
1932 ൽ മലയാളത്തിൽ ഉദിച്ചതാണ് ചന്ദ്രിക ആഴ്ചപ്പതിപ്പ് . മതാന്ധതയാലും ജാതിബോധത്താലും ഭൂതാവിഷ്ടരായിട്ടില്ലാത്തവർക്ക് ആഴ്ചപ്പതിപ്പ് എന്നാൽ ചന്ദ്രിക ആഴ്ചപ്പതിപ്പും ചേർന്നതാണ്. 90 വയസ്സ് പിന്നിട്ട ആ പാരമ്പര്യത്തിന് തൂക്കു കയർ വിധിയ്ക്കപ്പെട്ടിരിക്കുന്നു. ഒരു നിശബ്ദ കൊലപാതകം : എന്തും ലാഭത്തിന്റെ ഉരക്കല്ലിൽ പാസ്സ് മാർക്ക് നേടുന്ന കാലത്തിന്റെ ഉന്മൂലനം .

ചന്ദ്രിക ആഴ്ചപ്പതിപ്പ് എന്നും വേറിട്ടതായത് അതൊരിക്കലും അതിന്റെ നടത്തിപ്പുകാരുടെ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ ഹൃസ്വദൃഷ്ടിയുടെ സൃഷ്ടി അല്ലായിരുന്നു എന്നത് കൊണ്ടു തന്നെയായിരുന്നു. ആ നിലക്ക് അത് നമ്മുടെ ഭരണഘടന വിഭാവനം ചെയ്ത മതേതര പാരമ്പര്യത്തെ എന്നും കാത്തുസൂക്ഷിച്ചു.
സി.എച്ച്. പത്രാധിപരായിരുന്ന ആഴ്ചപ്പതിപ്പാണ് ചന്ദ്രിക. അതിന്റെ കൊലപാതകം ലീഗ് നേതൃത്വം പോലും അറിഞ്ഞില്ലെന്നാണ് അറിയുന്നത്. ആ നിലക്ക് അതിനെ നിലനിർത്തുവാൻ ലീഗിന് ഉത്തരവാദിത്വമുണ്ട്. കേരളത്തിലെ പത്രപ്രവർത്തകരെ നയിച്ച മികച്ച സംഘടനാ നേതാവും മികച്ച മാധ്യമ പ്രവർത്തകനുമായ ഇന്നത്തെ ചന്ദ്രിക പത്രാധിപരായ കമാൽ വരദൂരിനും ഈ ദുരന്തം തടയാൻ ഉത്തരവാദിത്വമുണ്ട്.

നല്ലത് വിൽക്കനറിയാത്ത ഭാവനാശൂന്യമായ മാർക്കറ്റിങ്ങ് വിഭാഗത്തിലെ മുതലാളിമാർ ഇങ്ങിനെ കൊന്നു കളഞ്ഞ മികച്ച ആഴ്ചപ്പതിപ്പുകൾ മലയാളത്തിൽ നിരവധിയാണ്. കൗമുദി ഗ്രൂപ്പിന്റെ ഫിലീം മാഗസിനും മാതൃഭൂമി ഗ്രൂപ്പിന്റെ ചിത്രഭൂമിയും അതിൽ എന്റെ പ്രിയപ്പെട്ട ആഴ്ചപ്പതിപ്പുകളാണ്. സിനിമക്ക് , സിനിമാ വായനക്ക് ഇന്നും എത്ര മാർക്കറ്റുണ്ടെന്ന് അറിയാൻ സാമൂഹ്യ മാധ്യമങ്ങളിൽ ഒന്ന് ക്ലിക്ക് ചെയ്യുകയോ ഏതെങ്കിലും ഒരു തിയറ്ററിന് മുന്നിൽ ഒരു റിലീസ് ദിവസം ഒന്ന് ചെന്ന് നോക്കുകയോ ചെയ്താൽ അറിയാം. എന്നാൽ രണ്ടും ഒരിക്കലും ചെയ്യാത്ത ഭാവനാശൂന്യതകളാണ് വില്പനയുടെയും ഉള്ളടക്കത്തിന്റെയും അജണ്ട നിർമ്മിക്കുന്നത് , സുനാമികൾ അങ്ങിനെ എത്രയോ. ആ ഗതിയിലേക്ക് ചന്ദ്രികയെ തള്ളിയിടാൻ ലീഗ് നേതൃത്വം ഒരുങ്ങരുത്. ഒരാഴ്ചപ്പതിപ്പ് പോലും മര്യാദക്ക് വിറ്റ് നടത്തിക്കൊണ്ടുപോകാനാകാത്തവർ എങ്ങിനെ പ്രതിരോധിക്കാനാണ് വരുംകാല ഫാസിസങ്ങളെ ?

കടുംവെട്ട് അധികാരത്തിന്റെ ആനന്ദമാണ്. സാംസ്കാരികമായ കടുംവെട്ടുകളാണ് മരുഭൂമികൾ ഉണ്ടാക്കുന്നത്. ചന്ദ്രികയുടെ ഉന്മൂലനം അത്തരത്തിലുള്ള നടപടി മാത്രമാണ്. ഓർമ്മയുള്ള ഏത് മാനേജ്മെന്റും തടയേണ്ട ഒന്ന്.
#ചന്ദ്രികവധംവേണ്ട

shortlink

Related Articles

Post Your Comments

Related Articles


Back to top button