ന്യൂഡൽഹി: 57 സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂൺ 10ന്. 15 സംസ്ഥാനങ്ങളിൽ നിന്നായി 57 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ 41 സീറ്റുകളിലേക്കുമുള്ള പ്രതിനിധികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Read Also: സൗദി അറേബ്യയിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നു: രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ
പരോക്ഷ തെരഞ്ഞെടുപ്പിലൂടെ എം.എൽ.എമാരാണ് രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ആനുപാതിക പ്രാതിനിധ്യ സമ്പ്രദായം അനുസരിച്ച് ഒറ്റ കൈമാറ്റ വോട്ട് വഴിയാണ് വോട്ടെടുപ്പ് നടത്തുന്നത്. ഒന്നിലേറെ സ്ഥാനാർത്ഥികൾക്ക് മുൻഗണനാക്രമത്തിൽ ഒരേസമയം വോട്ട് ചെയ്യാൻ അവസരം നൽകുന്ന തെരഞ്ഞെടുപ്പ് രീതിയാണിത്. ഒരാൾക്ക് 1, 2, 3 തുടങ്ങിയ മുൻഗണനാക്രമം നൽകി ആകെയുള്ള സ്ഥാനാർത്ഥികൾക്കെല്ലാം വോട്ട് ചെയ്യാം. ഇങ്ങനെ കിട്ടുന്ന വോട്ടിനെ ഒന്നാം വോട്ട്, രണ്ടാം വോട്ട്, മൂന്നാം വോട്ട് എന്നീ പേരിൽ വിളിക്കുന്നു. ഒരു നിശ്ചിത ഒന്നാം വോട്ട് കിട്ടുന്നവർ ആദ്യ റൗണ്ടിൽത്തന്നെ വിജയിക്കും. പിന്നീട് രണ്ടാം വോട്ടും മൂന്നാം വോട്ടും മറ്റും പരിഗണിച്ച് വിജയിയെ നിർണയിക്കും. ആദ്യം വിജയിച്ചയാൾക്ക് വിജയിക്കാനാവശ്യമായ വോട്ടിൽ കൂടുതൽ കിട്ടിയിട്ടുണ്ടെങ്കിൽ ആ അധികവോട്ട് അയാൾക്ക് വോട്ട് ചെയ്തവർ രണ്ടാം വോട്ട് ആർക്കാണോ രേഖപ്പെടുത്തിയിരിക്കുന്നത് അവരുടെ വോട്ടായി മാറും.
ജയിക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ ഒന്നാം വോട്ടിന്റെ എണ്ണം നിശ്ചയിക്കാൻ പ്രത്യേക സൂത്രവാക്യമുണ്ട്. ഇത് ഡ്രൂപ് ക്വാട്ട എന്നാണ് അറിയപ്പെടുന്നത്. ഉദാഹരണത്തിന്, വിജയിക്കാനായി വേണ്ടത് 30 വോട്ടാണെങ്കിൽ വോട്ടെണ്ണുമ്പോൾ 30 വോട്ട് കിട്ടുന്നവരെ ആദ്യം വിജയിയായി പ്രഖ്യാപിക്കും. ഒഴിവ് പിന്നെയും ബാക്കിയാണെങ്കിൽ വോട്ടെണ്ണൽ തുടരും. വിജയിച്ചയാൾക്ക് 30 വോട്ടിൽ കൂടുതൽ കിട്ടിയിട്ടുണ്ടെങ്കിൽ ആ അധികവോട്ട് അയാൾക്ക് വോട്ട് ചെയ്തവർ രണ്ടാം വോട്ട് ആർക്കാണോ രേഖപ്പെടുത്തിയിരിക്കുന്നത് അവരുടെ വോട്ടായി മാറും. (ഇതേ രീതിയിൽ അവരുടെ മൂന്നാം വോട്ട് രണ്ടാം വോട്ടുമാകും). ഈ വോട്ടുകൾ ലഭിക്കുമ്പോൾ 30 വോട്ട് തികയുന്ന സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിക്കും. പിന്നെയും ഒഴിവ് ബാക്കിയുണ്ടെങ്കിൽ വോട്ടെണ്ണൽ തുടരും. ആരും 30 വോട്ട് നേടാത്ത സ്ഥിതിവന്നാൽ ഏറ്റവും കുറഞ്ഞ വോട്ട് കിട്ടിയ ആളെ ഒഴിവാക്കും. ഇയാളുടെ രണ്ടാം വോട്ടും അവശേഷിക്കുന്ന സ്ഥാനാർത്ഥികൾക്ക് മാറ്റും.
Post Your Comments