മംഗളൂരു: ഹിജാബ് അനുകൂലികള്‍ക്കെതിരെ വിമര്‍ശനവുമായി മംഗളൂരു എംഎല്‍എ യു.ടി ഖാദര്‍. സൗദി അറേബ്യ, പാകിസ്ഥാന് പോലുള്ള രാജ്യങ്ങളില്‍ പോയാല്‍ ഇന്ത്യയിലെ സംസ്കാരവും സ്വാതന്ത്ര്യവും മനസ്സിലാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഹമ്പന്‍കട്ട യൂണിവേഴ്സിറ്റി കോളേജിലേയും ഉപ്പിനങ്ങാടി ഗവണ്മെന്റ് കോളേജിലേയും വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. മംഗളൂരുവിലെ കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഖാദര്‍.
‘ ഇന്ത്യയുടെ സംസ്കാരം നിങ്ങള്‍ക്ക് നല്കുന്ന അവസരങ്ങള്‍ എത്രയാണെന്ന് അറിയണമെങ്കില്‍ നിങ്ങള്‍ പുറത്ത് പോയാല്‍ മനസ്സിലാകും. ഇവിടെ നിങ്ങള്‍ക്ക് ആരുമായും സംസാരിക്കുവാനും പത്രസമ്മേളനം നടത്താനും സ്വാതന്ത്ര്യമുണ്ട്. ഹിജാബ് വിഷയത്തില്‍ പ്രതിഷേധിക്കുന്ന കുട്ടികള്‍ അവരുടെ വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കണം. തിടുക്കപ്പെട്ട് തീരുമാനം എടുക്കുന്നതിന് മുമ്പ് മാതാപിതാക്കളുടെ ഉപദേശം സ്വീകരിക്കണം. 10 മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായി പ്രത്യേക നിയമം ഉണ്ടാക്കാന്‍ സാധിക്കില്ല.’ യു.ടി ഖാദര്‍ പറഞ്ഞു.
Post Your Comments