സുൽത്താൻ ബത്തേരി: ആണ്ടൂർ കാട്ടുനായ്ക്ക കോളനിയിലെ യുവാവിനെ നാല് വർഷത്തോളം എസ്റ്റേറ്റിൽ ജോലി ചെയ്യിപ്പിച്ച ശേഷം കൂലി നൽകാതെ വഞ്ചിച്ചെന്ന് എസ്റ്റേറ്റ് ഉടമക്കെതിരെ പരാതി.
ആവശ്യത്തിന് ഭക്ഷണമോ താമസ സൗകര്യമോ നൽകിയില്ലെന്നും നാല് വർഷത്തോളം കൃഷിയിടത്തിൽ പണിയെടുപ്പിച്ചിട്ട് ആകെ 14000 രൂപയാണ് നൽകിയതെന്നും പരാതിയുണ്ട്.
സംഭവം വിവാദമായതോടെ നാട്ടുകാർ ഇടപെട്ട് യുവാവിനെ മോചിപ്പിച്ച് വീട്ടിലെത്തിച്ചു.
ആണ്ടൂർ കാട്ടുനായ്ക്ക കോളനിയിലെ രാജു (30) വിനെ കൃഷിയിടത്തിൽ ജോലിതരാമെന്നു പറഞ്ഞ് നാസർ എന്നയാളാണ് വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു പോയതെന്ന് പറയുന്നു. ഒരു വർഷം മുമ്പാണ് ഒടുവിൽ രാജു വീട്ടിൽ വന്നത്. അന്ന് രാജുവിന്റെ കൈയിലുണ്ടായിരുന്നത് വെറും 10000 രൂപ. കൂലിയായി ദിവസം 300 രൂപ നൽകാമെന്നു പറഞ്ഞാണ് കൊണ്ടു പോയതെങ്കിലും നാലുവർഷത്തിനിടെ തനിക്ക് ലഭിച്ചത് 14000 രൂപ മാത്രമാണെന്ന് രാജു പറയുന്നു. ഇത്രയും കാലം രാജുവിന്റെ അമ്മ അമ്മു തനിച്ചാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. ഫോൺ വിളിച്ചാൽ പോലും കിട്ടാത്തതിനാൽ വലിയ ആശങ്കയിലായിരുന്നു ഇവർ. ആണ്ടൂർ ചീനപ്പുല്ലിലെ എസ്റ്റേറ്റിൽ രാജുവിനെ കണ്ട ആണ്ടൂർ ടൗൺ ടീം വാട്‌സാപ്പ് കൂട്ടായ്മയുടെ പ്രവർത്തകർ ഇടപെട്ടാണ് വീട്ടിലെത്തിച്ചത്.
അതേസമയം, രാജു കുറച്ചുകാലമായി തന്റെ കൂടെയുണ്ടെന്നും ഒരു ജോലിക്കാരനായിട്ടല്ല കൊണ്ടു നടന്നതെന്നുമാണ് എസ്റ്റേറ്റ് ഉടമ നാസർ പറയുന്നത്. രാജുവിന്റെ അമ്മ അമ്പലവയൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Post Your Comments