ബെംഗളൂരു: മഠത്തിലെ ‘അന്യായങ്ങൾ’ പുറത്തു കൊണ്ടുവരാൻ ശ്രമിച്ചതിനെ തുടർന്ന്, മലയാളി കന്യാസ്ത്രീയെ അധികൃതർ മാനസികരോഗാശുപത്രിയിലാക്കി. ‘ഡോട്ടേഴ്സ് ഓഫ് അവർ ലേഡി ഓഫ് മെഴ്സി’ സഭയുടെ മൈസൂരു ശ്രീരാംപുരയിലുള്ള മഠത്തിലെ സിസ്റ്റർ എൽസിനയ്ക്കാണ് സഭയിൽ നിന്ന് പീഡനം നേരിടേണ്ടിവന്നതെന്ന് മാതൃഭൂമി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഒടുവിൽ സിസ്റ്റർ എൽസിനയെ ബന്ധുക്കളും പൊലീസും ഇടപെട്ട് ആശുപത്രിയിൽ നിന്ന് പുറത്തിറക്കി. എന്നാൽ, തിരികെയെത്തിയ കന്യാസ്ത്രീയെ മഠത്തിൽ പ്രവേശിക്കുവാൻ അധികൃതർ അനുവദിച്ചിട്ടില്ല.
വനിതാ ശിശുക്ഷേമ വകുപ്പിന് മഠത്തിൽ നടക്കുന്ന അന്യായങ്ങളെക്കുറിച്ച് സിസ്റ്റർ എൽസിന കഴിഞ്ഞ മാസം കത്തെഴുതിയിരുന്നു. ഈ കത്ത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മഠത്തിലെ മുതിർന്ന കന്യാസ്ത്രീകൾ ചേർന്ന് തന്നെ പീഡിപ്പിച്ചതായി ഇവർ പറഞ്ഞു. തുടർന്ന്, ജീവനിൽ പേടിയുണ്ടെന്ന് പറഞ്ഞ് വീഡിയോ ചിത്രീകരിച്ച് സഹോദരങ്ങൾക്ക് അയച്ചുകൊടുത്തു. കന്യാസ്ത്രീയുടെ അച്ഛൻ കോഴിക്കോടും അമ്മ എറണാകുളം സ്വദേശിയുമാണ്.
‘മേയ് 31-ന് രാത്രി ഏഴുമണിയോടെ മഠത്തിനോടുചേർന്നുള്ള ചാപ്പലിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ രണ്ടു മൂന്നുപേർ വലിച്ചിഴച്ച് പുറത്തേക്കുകൊണ്ടുപോയി. കാലിന് അടിച്ച് വീഴ്ത്തി കൈയും കാലും കെട്ടി മയക്കുമരുന്ന് കുത്തിവെച്ച് വാഹനത്തിൽ അടുത്തുള്ള മാനസികരോഗാശുപത്രിയിലാക്കി. കന്യാസ്ത്രീകൾ നടത്തുന്നതാണ് ഈ ആശുപത്രി. മൊബൈൽ ഫോണും സഭാവസ്ത്രങ്ങളും മഠാധികൃതർ വാങ്ങിച്ചുവെച്ചിരുന്നു’- സിസ്റ്റർ എൽസിന ആരോപിച്ചതായി മാതൃഭൂമി ദിനപത്രം റിപ്പോർട്ടിൽ പറയുന്നു.
വിവരം ലഭിച്ചതിനെ തുടർന്ന്, പിതാവും ബന്ധുക്കളും സ്ഥലത്തെത്തി രണ്ടുദിവസം മുമ്പ് പോലീസിന്റെ സഹായത്തോടെ മാനസികരോഗാശുപത്രിയിൽ നിന്ന് രക്ഷപ്പെടുത്തി. ശേഷം പോലീസിന്റെ ഒപ്പം മഠത്തിലെത്തി വസ്ത്രങ്ങൾ എടുക്കാൻ ശ്രമിച്ചെങ്കിലും അധികൃതർ അനുവദിച്ചില്ല. ഒടുവിൽ പൊലീസിന്റെ നിർദ്ദേശപ്രകാരം ബന്ധു വീട്ടിൽ അഭയം തേടിയിരിക്കുകയാണ് കന്യാസ്ത്രീ.
Post Your Comments