ഡൽഹി: ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയ്ക്കെതിരെ മുന്നറിയിപ്പുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ തുടർന്നാൽ നിയമനടപടി നേരിടേണ്ടി വരുമെന്നാണ് ശർമ മുന്നറിയിപ്പു നൽകിയത്.
സ്വന്തം ഭാര്യയുമായി ബന്ധപ്പെട്ട കമ്പനിയ്‌ക്ക് ഹിമന്ത ബിശ്വ ശർമ പിപിഇ കിറ്റ് വാങ്ങാൻ കരാർ നൽകിയെന്ന് സിസോദിയ ആരോപിച്ചിരുന്നു. ഭാര്യയുമായി വളരെ അടുത്ത ബന്ധമുള്ള കമ്പനിയ്‌ക്ക് കരാർ നൽകിയത് മാത്രമല്ല, അതിനു വിപണിവിലയേക്കാൾ കൂടുതൽ ഈടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. 2020-ൽ, കോവിഡ് മഹാമാരി പടർന്നു പിടിച്ച സമയത്താണ് സംഭവം. പിപിഇ കിറ്റിന് കരാർ ലഭിച്ച കമ്പനി, ശർമയുടെ ഭാര്യയുടെയും മകന്റെയും ബിസിനസ് പാർട്ണറുടേതാണ്.
എന്നാൽ, അഴിമതിയാരോപണം തള്ളുകയാണ് ഹിമന്ത ബിശ്വ ശർമ ചെയ്തത്. കോവിഡ് മഹാമാരിയുടെ സമയത്ത് തന്റെ ഭാര്യ 1,500 പിപിഇ കിറ്റുകൾ സംഭാവന ചെയ്യുകയാണ് ഉണ്ടായതെന്നും, അതിന് ഒരു രൂപ പോലും തങ്ങൾ വാങ്ങിയിട്ടില്ലെന്നും ശർമ പ്രഖ്യാപിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഇനിയും തുടർന്നാൽ തീർച്ചയായും നിയമ നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments