ലക്നൗ: കാൺപൂർ സംഘർഷത്തിൽ അറസ്റ്റിലായവർക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തുമെന്ന് യുപി പൊലീസ്. പ്രതികളുടെ സ്വത്തു കണ്ടുകെട്ടുമെന്നും വേണ്ടിവന്നാൽ ബുൾഡോസർ ഉപയോഗിക്കുമെന്നും യുപി എഡിജിപി പ്രശാന്ത് കുമാർ വ്യക്തമാക്കി. സംഘർഷത്തിൽ, പോപ്പുലർ ഫ്രണ്ടിൻ്റെ ഇടപെടലും അന്വേഷണ പരിധിയിലാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ വീഡിയോ പരിശോധിച്ച് വരികയാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും കാൺപൂർ സിറ്റി പൊലീസ് കമ്മീഷണർ വിജയ് മീണ വ്യക്തമാക്കി.
പ്രധാനപ്രതിയുമായി ബന്ധപ്പെട്ട് നടത്തിയ തെരച്ചിലിൽ എസ്ഡിപിഐ , പോപ്പുലർ ഫ്രണ്ട് ബന്ധം തെളിക്കുന്ന രേഖകൾ കണ്ടെത്തിയെന്നും സംഘർഷത്തിലെ പിഎഫ്ഐ ബന്ധത്തെക്കുറിച്ചും അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറയുന്നു. ബിജെപി വക്താവ് നൂപര്‍ ശര്‍മ്മ ഒരു ചാനൽ ചര്‍ച്ചയിൽ പ്രവാചകനെതിരെ നടത്തിയ പ്രസ്താവനക്കെതിരെയുള്ള ഹർത്താലാണ് കാൺപൂരിൽ സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ, നൂപുര്‍ ശര്‍മയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ബിജെപി പുറത്താക്കി.
പ്രസ്താവനയിൽ പ്രതിഷേധിച്ച് ഒരു വിഭാഗം ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതിനിടയിൽ കടകള്‍ അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തെരുവിൽ ഏറ്റുമുട്ടിയ ഇരുവിഭാഗവും പരസ്പരം കല്ലെറിഞ്ഞു. പൊലീസിന് നേരെയും കല്ലേറുണ്ടായി. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. അക്രമങ്ങളിൽ ഒരു പൊലീസുകാരൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു.
സംഘർത്തിൽ, 36 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 800 പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സംഘർഷത്തിന്റെ പ്രധാന സൂത്രധാരൻ സഫർ ഹാഷ്നമി ഉൾപ്പെടെ അറസ്റ്റിലായെന്നാണ് പൊലീസ് പറയുന്നത്. ജൂലൈ 3 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
Post Your Comments