ന്യൂഡൽഹി: 11 സംസ്ഥാനങ്ങളിൽ നിന്നുള്ള 41 സ്ഥാനാർത്ഥികൾ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് എതിരില്ലാത്ത സ്ഥാനാർത്ഥികളെ വിജയികളായി പ്രഖ്യാപിച്ചത്. അംഗങ്ങൾ വിരമിക്കുന്നതിനാൽ ഒഴിവ് വരുന്ന 15 സംസ്ഥാനങ്ങളിൽ നിന്നുള്ള 57 രാജ്യസഭാ സീറ്റുകളിലേക്ക് ജൂൺ 10 ന് തിരഞ്ഞെടുപ്പ് നടത്താനാണ് നിശ്ചയിച്ചിരുന്നത്.
സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ഇന്നലെ ആയിരുന്നു. ബിജെപി 20 സീറ്റിലും കോൺഗ്രസ് 8 സീറ്റിലും എതിരില്ലാതെ വിജയിച്ചു. നിർമ്മല സീതാരാമൻ, പിയൂഷ് ഗോയൽ (ബിജെപി), ജയറാം രമേശ്, രൺദീപ് സിങ് സുർജേവാല, മുകുൾ വാസ്നിക്, പി.ചിദംബരം (കോൺഗ്രസ്) തുടങ്ങിയ പ്രമുഖർ തിരഞ്ഞെടുക്കപ്പെട്ടു. വൈഎസ്ആർ കോൺഗ്രസ് (4), സമാജ്‍വാദി പാർട്ടി (3), ഡിഎംകെ (3), ബിജെഡി (3), ആർജെഡി (2), ആം ആദ്മി പാർട്ടി (2), അണ്ണാ ഡിഎംകെ (2), ടിആർഎസ് (2), ജെഡിയു (1), ശിവസേന (1), എൻസിപി (1), ജെഎംഎം (1) എന്നിങ്ങനെയാണു മറ്റു കക്ഷികൾ നേടിയ സീറ്റുകൾ.
അതേസമയം, മഹാരാഷ്‌ട്ര, ഹരിയാന, കർണ്ണാടക, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഈ മാസം 10നു തിരഞ്ഞെടുപ്പു നടക്കും. മഹാരാഷ്‌ട്രയിലെ ആറ് സീറ്റുകളിലേക്കും രാജസ്ഥാനിലെയും കർണ്ണാടകയിലെയും നാല് വീതം സീറ്റുകളിലേക്കും ഹരിയാനയിലെ രണ്ട് സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുക. അന്നുതന്നെ ഫലം പ്രഖ്യാപിക്കും.
Post Your Comments