Latest NewsIndiaNews

ഭാരത് മാതാ കി ജയ് മുഴുവന്‍ വിശ്വത്തിലും മുഴങ്ങണം, നമ്മുടെയെല്ലാം പരമ്പര ഒന്നാണ്: മോഹൻ ഭാഗവത്

മുംബൈ: ഭാരത് മാതാ കി ജയ് മുഴുവന്‍ വിശ്വത്തിലും മുഴങ്ങണമെന്ന് ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവത്. നമ്മുടെയെല്ലാം പരമ്പര ഒന്നാണെന്നും, സംഘശിക്ഷാ വര്‍ഗ് പോലെയുള്ള പ്രശിക്ഷണങ്ങള്‍ സ്വയംസേവകര്‍ക്ക് രാഷ്ട്രത്തിന്റെ പരമവൈഭവം സാധ്യമാക്കുന്നതിന് ആവശ്യമുള്ള യോഗ്യതകളെ പ്രാപ്തമാക്കുന്നതിന് വേണ്ടിയാണെന്നും നാഗ്പൂരില്‍ സമാപിച്ച ആര്‍എസ്‌എസ് തൃതീയ വര്‍ഷ സംഘശിക്ഷാവര്‍ഗിന്റെ പൊതുപരിപാടിയില്‍ മോഹന്‍ ഭാഗവത് പറഞ്ഞു.

‘രാതനകാലം മുതല്‍തന്നെ നമ്മുടെ ഋഷിപൂര്‍വികര്‍ അസ്തിത്വത്തിന്റെ സത്യത്തെ മനസ്സിലാക്കി. അദ്വിതീയമായ സത്യത്തിന്റെ ആവിഷ്‌കാരങ്ങളാണ് പലനിറങ്ങളില്‍ നിറയുന്ന വിവിധതയെന്ന് സമാജത്തിന് പകര്‍ന്നിട്ടുണ്ട്. വിവിധത ഈ ഏകത്വത്തിന്റെ ഭാവമാണ്. അത് വ്യത്യസ്തത അല്ല. സത്യം, കരുണ, ശുചിത്വം, തപസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഭാരതത്തിന്റെ ധാര്‍മ്മിക ജീവിതം നിലനില്‍ക്കുന്നത്. അത് രാഷ്ട്രജീവിതമാണ്. നാമൊരു രാഷ്ട്രമായി നിലനില്‍ക്കുന്നത് ഏതെങ്കിലും ഭാഷയുടെയോ ആരാധനയുടെയോ ഒരു പ്രദേശത്ത് താമസിക്കുന്നു എന്നതിന്റെയോ അടിസ്ഥാനത്തിലല്ല, ഒരേ ദൗത്യമാണ് നമുക്ക് നിര്‍വഹിക്കാനുള്ളത്’, മോഹൻ ഭാഗവത് വ്യക്തമാക്കി.

‘ഏറ്റവും പുരാതനമായ രാഷ്ട്രജീവിതമെന്ന നിലയില്‍ ലോകത്തെയാകെ ഈ വഴിയിലേക്ക് നയിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. സമാനമായ ഈ ദൗത്യം ഭാരതത്തിലെ ഭാഷാ, പ്രവിശ്യാ, സമ്പ്രദായ ഭേദമന്യേ എല്ലാവരുടെയും ചുമതലയാണ്. മാത്രമല്ല, ചരിത്രപരമായ എന്തെങ്കിലും കാരണങ്ങളാല്‍ വിദേശീയമായ ആരാധനാരീതി പിന്തുടരുന്നവരുടെ അന്തരംഗത്തിലും ഇതേ ലക്ഷ്യമാണുള്ളത്. അവരും ഭാരതീയരാണ്. എല്ലാവരെയും ഒരുമിപ്പിക്കണമെന്ന ആശയം മറ്റ് പലയിടത്തുമുണ്ട്. പക്ഷേ പ്രയോഗത്തിലോ അനുഭവത്തിലോ ഇല്ല. എന്നാല്‍ ആ പരമ്പര ഭാരതത്തില്‍ അഖണ്ഡമായി തുടരുന്നു. ഒരു പ്രതിസന്ധിയിലും അത് മുറിഞ്ഞുപോയില്ല. ഈ ധര്‍മ്മത്തെയാണ് ഇന്ന് ഹിന്ദുധര്‍മ്മം എന്ന് പറയുന്നത്, വാസ്തവത്തില്‍ അത് മാനവധര്‍മ്മമാണ്, വിശ്വധര്‍മ്മമാണ്, യുഗങ്ങളായി അതിന്റെ സംരക്ഷണവും സവര്‍ധനവും നടക്കുന്ന ഈ ഭൂമിയില്‍ പരമ്പരയായി ജീവിക്കുന്ന സമൂഹത്തെ ലോകം ഹിന്ദു എന്ന് വിളിച്ചു. അതുകൊണ്ട് ഇത് ഹിന്ദുധര്‍മ്മമാണ്. ഈ ഭൂമിയില്‍ നമ്മള്‍ ജീവിക്കുന്നു, ഈ ഭൂമിയാണ് നമുക്കിത് പഠിപ്പിച്ചത്. ഇത് സുരക്ഷിത ഭൂമിയാണ്. ഈ സമൃദ്ധിയും സുരക്ഷയും നമുക്ക് മാതൃഭൂമി തന്നതാണ്’, അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button