KeralaLatest NewsIndia

‘ആ പ്രതീക്ഷയും പോയി, അത് രാഹുലല്ല’ നെടുമ്പാശ്ശേരിയിൽ കണ്ടെത്തിയത് ത​ന്റെ മകനല്ലെന്ന് സ്ഥിരീകരിച്ച് അമ്മ മിനി

ആലപ്പുഴ: ഒടുവിൽ ആ പ്രതീക്ഷയും അസ്തമിച്ചു. നെടുമ്പാശ്ശേരിയിൽ കണ്ടെത്തിയ യുവാവ് 17 വർഷം മുൻപ് ആലപ്പുഴയിൽ നിന്ന് കാണാതായ രാഹുൽ അല്ലെന്ന് അമ്മ മിനി. മുംബൈയിൽ നിന്ന് മിനിക്കു ലഭിച്ച കത്തിലെ സൂചനകളുടെ അടിസ്ഥാനത്തിൽ നെടുമ്പാശ്ശേരിയിൽ നിന്ന് കണ്ടെത്തിയ യുവാവിനെ ആലപ്പുഴയിലെത്തിച്ചെങ്കിലും യുവാവിന് രാഹുലുമായി സാമ്യമില്ലെന്ന് മിനി വ്യക്തമാക്കി.

ഏഴാം വയസിൽ ആശ്രമം വാർഡിൽ നിന്നും കാണാതായ രാഹുലെന്ന കുട്ടിയോട് സാമ്യമുളള കുട്ടിയെ മുംബൈയിൽ കണ്ടെന്ന വെളിപ്പെടുത്തലുമായി ആലപ്പുഴയിലെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം ഒരു കത്ത് വന്നിരുന്നു. മുംബൈയിൽ താമസിക്കുന്ന വസുന്ധരാ ദേവിയാണ് രാഹുലിന്റെ അമ്മയ്ക്ക് കത്തയച്ചത്. കുട്ടിയുടെ ഫോട്ടോയും കത്തിനൊപ്പം അയച്ചിട്ടുണ്ട്. കുട്ടിയുടെ പേര് വിനയ് എന്നാണെന്നും കത്തിൽ പറയുന്നുണ്ട്.

കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.കഴിഞ്ഞ 22ന് രാജു ജീവനൊടുക്കിയത് അറിഞ്ഞ് ദുഃഖം രേഖപ്പെടുത്തി മിനിക്ക് അയച്ച കത്തിലാണ് വീട്ടമ്മ ഈ വിവരം പങ്കുവച്ചത്.കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കു മിനി പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നെടുമ്പാശ്ശേരിയിലെത്തി യുവാവിനെ കണ്ടെത്തി മിനിയുടെ അടുത്തെത്തിക്കുകയായിരുന്നു.

അച്ഛനെ അന്വേഷിച്ച്‌ മുബൈയിലെത്തിയപ്പോഴാണ് യുവാവിനെ കണ്ടതെന്നും പിന്നീട് കേരളത്തിലേക്കു മടങ്ങിയ ഇയാള്‍ നിലവില്‍, നെടുമ്പാശ്ശേരിയിലുണ്ടെന്നും വീട്ടമ്മ കത്തില്‍ സൂചിപ്പിച്ചിരുന്നു. തുടര്‍ന്നാണ് രാഹുലിന്റെ അമ്മ മിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ യുവാവിനെ ആലപ്പുഴയിലെത്തിച്ചത്.

പക്ഷേ, ആളു മാറിയതായി മിനി സ്ഥിരീകരിച്ചു. താന്‍ രാഹുല്‍ അല്ലെന്നും വിനയ് ആണെന്നും അമ്മയുടെ വിഷമത്തില്‍ സങ്കടമുണ്ടെന്നും മകനെ എത്രയും വേഗം അമ്മയ്ക്ക് ലഭിക്കട്ടെയെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും വിനയ് പ്രതികരിച്ചു. ഏഴാം വയസ്സില്‍ 2005 മെയ്‌ 18ന് ആണ് രാഹുലിനെ കാണാതായത്.

shortlink

Related Articles

Post Your Comments


Back to top button