ന്യൂഡൽഹി: കൊവിഡ് പോസിറ്റീവായ കോൺഗ്രസ് അധ്യക്ഷ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസ. നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചതിനു പിന്നാലെയാണ് സോണിയ ഗാന്ധി കൊവിഡ് പോസിറ്റീവായത്. ‘കോൺഗ്രസ് അധ്യക്ഷ ശ്രീമതി സോണിയാ ഗാന്ധിജി കൊവിഡിൽ നിന്ന് വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
അതേസമയം രാഹുൽ ഗാന്ധിക്കും ഹാജരാകാൻ സാധിക്കില്ലെന്ന് കാട്ടി കത്ത് നൽകിയിട്ടുണ്ട്. താൻ ഇന്ത്യയിൽ ഇല്ലാത്തതിനാൽ ജൂൺ 5ന് ശേഷം ഹാജരാകാൻ രാഹുൽ ഗാന്ധി സമയം നീട്ടി ചോദിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ പാർട്ടി മുഖപത്രമായിരുന്ന നാഷണൽ ഹെറാൾഡിന്റെ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്‌തെന്നാണ് കേസ്. 2012ൽ സുബ്രഹ്മണ്യ സ്വാമിയാണ് രാഹുലും സോണിയയും ഉൾപ്പെടെയുള്ളവർക്കെതിരെ പരാതി നൽകുന്നത്. 2014ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം നേതാക്കൾക്ക് കേസ് വലിയ തലവേദനയാണ് ഈ കേസ് സൃഷ്ടിച്ചത്.
അതേസമയം, ബുധനാഴ്ച വൈകിട്ടാണ് സോണിയ ഗാന്ധി കൊവിഡ് പോസിറ്റീവായതെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. നേരിയ രോഗലക്ഷണങ്ങൾ മാത്രമാണ് കോൺഗ്രസ് പ്രസിഡൻ്റിനുള്ളത്. സോണിയ സ്വയം ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. സോണിയ ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധിയും ജൂൺ 8നു മുൻപ് ഇഡിക്ക് മുന്നിൽ ഹാജരാവണം. സോണിയയോട് ജൂൺ 8 ന് ഏജൻസിക്ക് മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ, ജൂൺ 2 ന് ഹാജരാകാനാണ് രാഹുലിനോട് ആവശ്യപ്പെട്ടത്.
Post Your Comments