
ആലപ്പുഴ: 17 വർഷങ്ങൾക്ക് മുൻപ് ഏഴാം വയസിൽ ആശ്രാമം വാർഡിൽ നിന്നും കാണാതായ രാഹുലെന്ന കുട്ടിയോട് സാമ്യമുളള കുട്ടിയെ മുംബൈയിൽ കണ്ടെന്ന വെളിപ്പെടുത്തലുമായി ആലപ്പുഴയിലെ വീട്ടിലേക്ക് കത്ത്. കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വസുന്ധരാ ദേവി എന്ന സ്ത്രീയാണ് രാഹുലിന്റെ അമ്മയ്ക്ക് കത്തയച്ചിരിക്കുന്നത്.
കുട്ടിയുടെ ഫോട്ടോയും കത്തിനൊപ്പം അയച്ചിട്ടുണ്ട്. ഈ കുട്ടിയുടെ പേര് വിനയ് എന്നാണെന്നും കത്തിൽ പറയുന്നുണ്ട്. രാഹുലിന്റെ പിതാവ് എ ആർ രാജു ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് രാഹുലിന്റെ തിരോധാനം വീണ്ടും ചർച്ചയായത്. ഈ വാർത്തകൾ ശ്രദ്ധയിൽ പെട്ടിരുന്നുവെന്നും ഇതോടെയാണ് താൻ കണ്ടത് രാഹുലാണെന്ന് സംശയം തോന്നിയതെന്നും വസുന്ധര ദേവി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
മാസങ്ങൾക്ക് മുമ്പ് ശിവാജി പാർക്കിൽ വെച്ചാണ് വിനയ് എന്ന കുട്ടിയെ കണ്ടത്. ഏഴാം വയസിൽ പത്തനംതിട്ടയിലെ അനാഥാലയത്തിൽ എത്തി, പിതാവിനെ തേടിയാണ് മുംബെയിൽ എത്തിയതെന്നും കുട്ടി വസുന്ധരയോട് പറഞ്ഞതായി കത്തിൽ പറയുന്നു. രാഹുലിൻ്റ അച്ഛൻ്റെ മരണവാർത്ത കണ്ടപ്പോഴാണ് ആ കുട്ടിയെ രാഹുലിന് സമാനമാണെന്ന് ഓർത്തതെന്നും വസുന്ധര കത്തിൽ പറഞ്ഞു. കാണാതായ രാഹുലിന്റെ അമ്മ കത്തും ഫോട്ടോയും ആലപ്പുഴ എസ് പിക്ക് കൈമാറിയിട്ടുണ്ട്.
Post Your Comments