ന്യൂഡല്‍ഹി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്കിൽ നിലപാട് കടുപ്പിച്ച് കേന്ദ്ര സർക്കാർ. വിലക്കിന്‍റെ കാരണം മീഡിയ വൺ ചാനൽ മാനേജ്മെന്‍റിനെ അറിയിക്കേണ്ട കാര്യമില്ലെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. ദേശസുരക്ഷയുമായി ബന്ധപ്പെട്ടാണ് മീഡിയ വണ്ണിന് ലൈസൻസ് പുതുക്കി നൽകാതിരുന്നതെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ വ്യക്തമാക്കി. ഇതിന്‍റെ കാരണങ്ങളും വിശദാംശങ്ങളും എതിർകക്ഷിയെ അറിയിക്കേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
കൂടാതെ, രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മീഡിയ വണ്‍ ചാനലിന് സുരക്ഷാ ക്ലിയറന്‍സ് നിഷേധിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ രേഖകള്‍ മീഡിയ വണ്ണിന് കൈമാറാനാകില്ലെന്നും കൈമാറിയാല്‍ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ചിന്തിക്കാവുന്നതിലും അപ്പുറം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിലെ ഡയറക്ടര്‍ വൃന്ദ മനോഹര്‍ ദേശായിയാണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.
Read Also: ഇന്ത്യാ വുഡ്: എക്സിബിഷൻ ജൂൺ രണ്ട് മുതൽ ആരംഭിക്കും
‘സുരക്ഷ ക്‌ളിയറന്‍സ് നിഷേധിക്കാനുള്ള കാരണം ചാനല്‍ ഉടമകളെ അറിയിക്കേണ്ടതില്ല. ഇത് സര്‍ക്കാരിന്റെയും, സര്‍ക്കാര്‍ സംവിധാനങ്ങളുടെയും താല്പര്യം കണക്കിലെടുത്തുള്ള നയമാണ്. എന്നാല്‍, മീഡിയ വണ്ണിന് സംപ്രേക്ഷണ അനുമതി നിഷേധിച്ചതായി ബന്ധപ്പെട്ട ഫയലുകള്‍ ഹൈക്കോടതിക്ക് മുദ്രവച്ച കവറില്‍ കൈമാറിയിട്ടുണ്ട്. സുപ്രീം കോടതി ആവശ്യപ്പെട്ടാല്‍ അവ മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ തയ്യാറാണ്’- കേന്ദ്രം സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു.
Post Your Comments