
കോഴിക്കോട്: ഹണി ട്രാപ്പിലൂടെ യുവാക്കളെ ലക്ഷ്യമിട്ട് പണം തട്ടിയെടുക്കുന്ന സംഘം അറസ്റ്റിൽ. അരീക്കാട് പുഴക്കൽ വീട്ടിൽ അനീഷ.പി, നല്ലളം ഹസൻഭായ് വില്ലയിൽ ഷംജാദ് എന്നിവരാണ് കോഴിക്കോട് ടൗൺ പോലീസിന്റെ പിടിയിലായത്. റെയിൽവേ സ്റ്റേഷന് സമീപം ആനിഹാൾ റോഡിൽ വച്ച് കാസർഗോഡ് സ്വദേശിയുടെ പണവും മൊബൈൽ ഫോണും കവർന്ന കേസിലാണ് ഇരുവരെയും പോലീസ് പിടികൂടിയത്.
ഇൻസ്റ്റഗ്രാം വഴിയാണ് യുവതി കാസർഗോഡ് സ്വദേശിയെ പരിചയപ്പെട്ടത്. പരവശയായ കാമുകിയായി അഭിനയിച്ച്, കാണാൻ തോന്നുന്നുണ്ടെന്ന് പറഞ്ഞായിരുന്നു അനീഷ യുവാവിനെ കോഴിക്കോടേക്ക് വിളിച്ച് വരുത്തിയത്. കോഴിക്കോടെത്തിയ യുവാവിനെ അനീഷ സൗകര്യപൂർവ്വം ആനിഹാൾ റോഡിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ കാത്തുനിൽക്കുകയായിരുന്ന ഷാംജാദ് യുവാവിനെ മർദ്ദിച്ച് കവർച്ച നടത്തുകയായിരുന്നു.
മെഡിക്കൽ കോളേജ് പോലീസ് രജിസ്റ്റർ ചെയ്ത നാർക്കോട്ടിക് കേസിൽ പ്രതികളായിരുന്ന അനീഷയും ഷംജാദും അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്. സമാനമായ സംഭവങ്ങൾ പലതും നടക്കുന്നുണ്ടെങ്കിലും മാനഹാനി ഭയന്ന് ആരും പോലീസിൽ പരാതിപ്പെടാറില്ല.
Post Your Comments