മലയാള സിനിമയെ ഞെട്ടിച്ചുകൊണ്ടായിരുന്നു നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ യുവനടി ബലാത്സംഗ പരാതി നൽകിയത്. പലതവണയായി തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നായിരുന്നു നടി നൽകിയ പരാതി. കേസിൽ വിദേശത്ത് ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനോട് ഇന്ന് നാട്ടിലെത്താൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, മുന്‍കൂര്‍ ജാമ്യഹര്‍ജിക്കൊപ്പം പ്രതിഭാഗം ഹാജരാക്കിയ വിമാന ടിക്കറ്റ് പ്രകാരം ഇന്നാണ് മടങ്ങിയെത്തേണ്ടത്. എന്നാല്‍, ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള ഈ വിമാനടിക്കറ്റ് റദ്ദാക്കിയതായാണ് പോലീസിന് ലഭിക്കുന്ന വിവരം. വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അപ്രതീക്ഷിത ട്വിസ്റ്റ്. ഇതോടെ, മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള താരത്തിന്റെ തന്ത്രമായിരുന്നു ടിക്കറ്റ് എടുത്ത തീരുമാനമെന്ന സംശയത്തിലാണ് പോലീസ്.
ഇന്ന് നാട്ടിൽ എത്തിയില്ലെങ്കിൽ വിജയ് ബാബുവിനെ വിദേശത്ത് പോയി നേരിട്ട് അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് കേരള പോലീസ് നടത്തുന്നതെന്നും സൂചനയുണ്ട്. ഇരയുടെ പേര് വെളിപ്പെടുത്തി വെല്ലുവിളി നടത്തിയ താരം, ഇന്ന് നാട്ടിലെത്തിയില്ലെങ്കിൽ അത് താരത്തിന് കൂടുതൽ കുരുക്കാകും. നാട്ടിലെത്താൻ കോടതിയും താരത്തോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെ സംഭവിച്ചില്ലായെങ്കിൽ, താരത്തിന് ജാമ്യം ലഭ്യമാകില്ലെന്നാണ് നിയമ വിദഗ്ധർ പറയുന്നത്. യാത്ര റദ്ദാക്കിയാൽ അത് കോടതി ഗൗരവമായി തന്നെ കാണും. ജാമ്യഹർജി നിലനിർത്തിയാൽ തിങ്കളാഴ്ച കൊച്ചിയിൽ എത്താമെന്നും, കേസെടുത്തുവെന്ന് അറിയാതെയാണ് വിദേശത്തേക്ക് വന്നതെന്നുമായിരുന്നു താരം കോടതിയെ അറിയിച്ചത്.
Also Read: ചൈനീസ് സർവ്വകലാശാലകളിലെ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾ പ്രതിഷേധവുമായി ഡൽഹിയിൽ
എന്നാൽ, വിജയ് ബാബുവിന്റെ വാദം തെറ്റാണെന്നാണ് സർക്കാർ വാദിക്കുന്നത്. കേസെടുത്ത ശേഷമാണ് താരം മുങ്ങിയതെന്നും കേസിനെ കുറിച്ച് വിജയ് ബാബുവിന് കൃത്യമായ ധാരണയുണ്ടായിരുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇതോടൊപ്പം, വിജയ് ബാബുവിന് കുരുക്കാകുന്ന മറ്റൊരു വിവരവും സർക്കാർ കോടതിയുടെ മുൻപാകെ അറിയിച്ചിരുന്നു. പരാതിക്കാരിയുടെ അമ്മയെ വിജയ് ബാബു ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നതായിരുന്നു സർക്കാരിന്റെ തുറുപ്പു ചീട്ട്.
ഇതിനിടെ, ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനെ സഹായിച്ചവരെയും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. വിജയ് ബാബുവിന്റെ സുഹൃത്തായ ഒരു നടിയും ഈ ലിസ്റ്റിലുണ്ട്. വിവാഹ മോചിതയായ ഇവർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഒളിവിൽ കഴിയവേ താരത്തിന് ക്രെഡിറ്റ് കാർഡ് എത്തിച്ച് നൽകിയത് ഒരു യുവനടനാണ്. ഇദ്ദേഹത്തെയും പോലീസ് ചോദ്യം ചെയ്‌തേക്കും. ഒരു മാസത്തോളമായി വിജയ് ബാബു ദുബായിൽ ഒളിവിൽ കഴിയുകയാണ്. കൈയ്യിലെ പണമെല്ലാം തീർന്നതോടെ, സഹായം അഭ്യർത്ഥിച്ച് യുവനടനെ വിളിക്കുകയായിരുന്നു. വിജയ് ബാബുവിന്റെ ആവശ്യപ്രകാരം ഇദ്ദേഹത്തിന്റെ ക്രെഡിറ്റ് കാർഡ് ഈ യുവനടൻ ദുബായിൽ എത്തിച്ചതായാണ് പോലീസിന് ലഭിക്കുന്ന വിവരം. ഒളിവിൽ കഴിയുന്ന പ്രതിക്ക് വേണ്ട സഹായങ്ങൾ ചെയ്തു നൽകിയവരുടെ ലിസ്റ്റ് ഇനിയും നീളും.
പോലീസിൽ പരാതി നൽകിയ നടിയെ സമൂഹ വിചാരണയ്ക്കായി വിജയ് ബാബു വലിച്ചിട്ടു കൊടുക്കുകയായിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്താൻ പാടില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു താരം ആ കടുംകൈ ചെയ്തത്. തന്നെ അപമാനിച്ചവൾ ‘സുഖിക്കണ്ട’ എന്ന മനോഭാവം തന്നെയായിരുന്നു വിജയ് ബാബുവിനെ കൊണ്ട് ആ പ്രവൃത്തി ചെയ്യിച്ചത്. ഇതിനു പിന്നാലെ, സോഷ്യൽ മീഡിയയിൽ ആളുകൾ രണ്ട് ചേരിയിൽ നിലയുറപ്പിച്ചു. ഒന്ന് അവൾക്കൊപ്പവും, മറ്റൊന്ന് അവനൊപ്പവും! അഥവാ, ഇരയ്‌ക്കൊപ്പവും വേട്ടക്കാരനൊപ്പവും ! സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് മുന്നിലും നടി കൈയുംകെട്ടി നോക്കി നിന്നില്ല. തനിക്കെതിരെ അപവാദ പ്രചാരണങ്ങൾ നടത്തുന്നവരെ നിയമപരമായി നേരിടുമെന്ന് നടി വ്യക്തമാക്കി.
ഇതിനിടെ, സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനവും വന്നെത്തി. ഏവരും കാത്തിരുന്ന പ്രഖ്യാപനത്തിൽ നിന്നും വിജയ് ബാബു നിർമ്മിച്ച ‘ഹോം’ എന്ന ചിത്രത്തെ പൂർണമായും ജൂറി തള്ളിക്കളഞ്ഞു. യാതൊരു കാറ്റഗറിയിലും ചിത്രം അവാർഡിന് അർഹമായില്ല. ജനപ്രിയ ചിത്രം, മികച്ച നടൻ, മികച്ച സ്വഭാവ നടൻ എന്നീ കാറ്റഗറിയിൽ ചിത്രത്തിന് അവാർഡ് ലഭിക്കേണ്ടതായിരുന്നുവെന്നും, ഇന്ദ്രൻസും മഞ്ജു പിള്ളയും അവാർഡിന് അർഹരായിരുന്നുവെന്നും വിമർശനമുയർന്നു. രാഷ്ട്രീയ വിവാദം ഒഴിവാക്കാൻ വേണ്ടി മനഃപൂർവ്വം ചിത്രത്തെ തഴയുകയായിരുന്നു എന്നാണ് വിമർശകരും ചൂണ്ടിക്കാട്ടുന്നത്. ‘ഹോം’ എന്ന ചിത്രത്തെ അവാർഡിന് പരിഗണിച്ചാൽ സർക്കാർ ബലാത്സംഗക്കേസിലെ പ്രതിയെ സംരക്ഷിക്കുന്നു എന്നൊരു മാനം വരും. അത് രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമാകും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അത്തരമൊരു വിവാദം സർക്കാരിന് ഗുണം ചെയ്യില്ലെന്ന് ഉറപ്പ്. അത്, തൃക്കാക്കരയിലെ ഇടതുമുന്നണിയുടെ വിജയസാധ്യതയ്ക്ക് മങ്ങലേൽപ്പിക്കും. അങ്ങനെയൊരു സാധ്യത വിദൂരതയിൽ പോലും ഉണ്ടാകാൻ എൽ.ഡി.എഫ് ആഗ്രഹിക്കുന്നില്ല എന്ന് വേണം കരുതാൻ. ജൂറി ഇതിനെ നിഷേധിച്ചുവെങ്കിലും, ബലാത്സംഗക്കേസിലെ പ്രതി ഉൾപ്പെട്ടിരിക്കുന്നതിനാൽ ആണ് ‘ഹോം’ ചിത്രത്തെ തഴഞ്ഞതെന്ന വികാരം സിനിമാ ലോകത്തും സൈബർ ഇടങ്ങളിലും സജീവമാണ്.
Also Read:ചൈനീസ് സർവ്വകലാശാലകളിലെ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾ പ്രതിഷേധവുമായി ഡൽഹിയിൽ
അതേസമയം, മദ്യം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും കാറില്‍ വെച്ച് ഓറല്‍ സെക്സിന് നിര്‍ബന്ധിച്ചു എന്നുമുള്ള പരാതിയില്‍ ഉറച്ച് നിൽക്കുകയാണ് നടി. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗീക ബന്ധമായിരുന്നു തങ്ങൾ തമ്മിൽ ഉണ്ടായിരുന്നതെന്നാണ് വിജയ് ബാബു വാദിക്കുന്നത്. വിജയ് ബാബുവിനെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയിൽ നടി വെളിപ്പെടുത്തിയ കാര്യങ്ങൾ അങ്ങേയറ്റം ഞെട്ടിക്കുന്നതായിരുന്നു. സിനിമകളിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ ബലാത്സംഗം ചെയ്തു എന്നായിരുന്നു നടിയുടെ പരാതി. ആർത്തവ സമയത്തും തന്നെ ശാരീരിക ബന്ധത്തിന് നിർബന്ധിച്ചുവെന്നും, ഹാപ്പി പിൽ പോലുള്ള ലഹരി വസ്തുക്കൾ നൽകി തന്നെ ദുരുപയോഗം ചെയ്തുവെന്നുമായിരുന്നു നടിയുടെ വെളിപ്പടുത്തൽ. ഇതും പോലീസ് ഗൗരവമായി കാണുന്നുണ്ട്. ഹാപ്പി പിൽ പോലുള്ള ലഹരി വസ്തുക്കൾ വിജയ് ബാബുവിന് ലഭിച്ചത് എങ്ങനെ? മയക്കുമരുന്ന് സംഘങ്ങളുമായി വിജയ് ബാബുവിന് ബന്ധമുണ്ടോ? തുടങ്ങിയ കാര്യങ്ങളും പോലീസ് അന്വേഷിച്ച് വരികയാണ്.
Post Your Comments