തൃശൂർ: ജില്ലയിൽ പകർച്ചവ്യാധിയായ വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു. പാണഞ്ചേരി പഞ്ചായത്തിലെ ആശാരിക്കാട് ആണ് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചത്. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയിലാണ് പനി കണ്ടെത്തിയത്.
ക്യൂലക്സ് കൊതുകുകൾ പരത്തുന്നതാണ് വെസ്റ്റ് നൈൽ ഫീവർ. ഇത് മാരകമായാൽ മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. ഇതുവരെയും ഈ രോഗത്തിന് മരുന്നോ വാക്സിനോ കണ്ടെത്തിയിട്ടില്ല.
അടിയന്തര സാഹചര്യം പരിഗണിച്ച് പഞ്ചായത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തിൽ വിവിധ വകുപ്പുകൾ ഉൾപ്പെടുത്തി പഞ്ചായത്തിൽ അവലോകനയോഗം ചേർന്നു. മാരായ്ക്കൽ വാർഡിൽ ഇന്ന് ഡ്രൈ ഡേ ആചരിക്കുകയാണ്.
Read Also : ബാലികാസദനത്തിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ
രോഗലക്ഷണങ്ങൾ കൊതുകിന്റെ കടിയേറ്റ് രണ്ടാഴ്ച കഴിയുമ്പോഴായിരിക്കും പ്രകടമാവുന്നത്. പനി, തലവേദന, ഛർദ്ദി, വയറുവേദന, വയറിളക്കം എന്നിങ്ങനെയാണ് പ്രധാന ലക്ഷണങ്ങൾ. എന്നാൽ, കൊതുകിന്റെ കടിയേറ്റ 80 ശതമാനം പേർക്കും ലക്ഷണങ്ങൾ ഉണ്ടായില്ലെന്നും വരാം. തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ഈ രോഗം പക്ഷാഘാതം, അപസ്മാരം, ഓർമ്മക്കുറവ് എന്നിവയ്ക്കും കാരണമായേക്കാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങളോടെയുള്ള പനി ഉണ്ടായാൽ അടിയന്തരമായി ഗവ. ആശുപത്രികളിൽ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.
Post Your Comments