കാൻസർ രോഗത്തിന്റെ പിടിയിൽ നിന്നും ജീവിതം തിരികെ പിടിച്ച് സിനിമയും മറ്റ് പരിപാടികളുമായി മുന്നോട്ട് പോവുകയാണ് നടൻ സുധീർ സുധി. തനിക്ക് കാൻസർ വന്നപ്പോഴുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് താരം. അടുത്തിടെ എം.ജി ശ്രീകുമാറിനൊപ്പം ‘പറയാം നേടാം’ എന്ന പരിപാടിയില്‍ പങ്കെടുക്കവേ ആയിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ. ഒരു ആപ്പിൾ കിട്ടിയാൽ പോലും സോപ്പിട്ട് കഴിച്ചിരുന്ന ആളായിരുന്നു താനെന്നും, അങ്ങനെയുള്ള തനിക്ക് കാൻസർ വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നും സുധീർ പറയുന്നു.
‘ആഹാരത്തിന്റെ കാര്യത്തിലായാലും വ്യായാമത്തിന്റെ കാര്യത്തിലായാലും കൃത്യമായ ശ്രദ്ധ കൊടുക്കാറുണ്ട്. 2010 മുതൽ ബോഡി ബിൽഡിങ്ങിൽ ആണ്. ഭക്ഷണ സംബന്ധമായ കാൻസറായിരുന്നു. ഇതേക്കുറിച്ചു കേട്ടപ്പോഴാണ് തളർന്നു പോയത്. ആ സമയത്ത് ഒരു തെലുങ്ക് സിനിമ കമ്മിറ്റ് ചെയ്തിരുന്നു. അപകടകരമായ അവസ്ഥയിൽ ആയതിനാൽ അപ്പോൾ തന്നെ സർജറി ചെയ്തു. ഇതിന് പിന്നാലെ സ്റ്റിച്ച് എടുത്തു. അതിനുശേഷമാണ് സിനിമാ ചിത്രീകരണത്തിനായി പോയത്. ആ ദിവസം തന്നെ ഫൈറ്റ് സീൻ ആയിരുന്നു. അത് ചെയ്യുമ്പോൾ സ്റ്റിച്ച് ചെയ്ത ഭാഗം പൊട്ടി ചോര വന്നു. അതൊന്നും കാണിക്കാതെ അഭിനയിച്ചു. അതിനുശേഷം ചില ടെസ്റ്റുകൾ ചെയ്തു’, സുധീർ പറയുന്നു.
തന്റെ കുടുംബത്തെ കുറിച്ചും ഭാര്യയെ കുറിച്ചും സുധീർ പരിപാടിയിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു. സുഹൃത്തിന് വേണ്ടി ഒരു കുഞ്ഞിനെ നല്‍കിയ ആളാണ് തന്റെ ഭാര്യയെന്ന് സുധീർ പറയുന്നു. അതൊരു പുണ്യപ്രവൃത്തിയായിട്ടാണ് തങ്ങൾ കാണുന്നതെന്നും സുധീർ വ്യക്തമാക്കി. മക്കളെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ. തങ്ങൾ മൂലം ഒരു കുടുംബത്തിന് കുഞ്ഞിനെ ലഭിച്ചതിന്റെ സന്തോഷമുണ്ടെന്ന് സുധീർ പറയുന്നു.
Post Your Comments