സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ ‘ഹോം’ സിനിമയെ തഴഞ്ഞതുമായി ബന്ധപ്പെട്ട് പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുകയാണ്. ‘ഹോം’ എന്ന ചിത്രത്തിന് പുരസ്കാരം ലഭിക്കാത്തതിൽ പരോക്ഷ പ്രതികരണവുമായി രമ്യ നമ്പീശൻ, വി.ടി ബൽറാം തുടങ്ങിയവരൊക്കെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, വിഷയത്തിൽ പ്രതികരണവുമായി നടൻ ഇന്ദ്രൻസ്. വിജയ് ബാബുവിനെതിരെ ഉയർന്ന ലൈംഗിക കേസാണ് ചിത്രത്തെ അവഗണിക്കാൻ കാരണമെങ്കിൽ, അത് മോശം പ്രവണതയാണെന്ന് ഇന്ദ്രൻസ് പറഞ്ഞു. ‘ഹോം’ സിനിമയ്ക്ക് എന്തെങ്കിലും ഒരു അവാർഡ് പ്രതീക്ഷിച്ചിരുന്നുവെന്നും, ലഭിക്കാത്തതിൽ നിരാശയുണ്ടെന്നും ഇന്ദ്രൻസ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
Also Read:ടെക് ലോകത്തെ വലച്ച് ചൈനയിലെ ലോക്ക്ഡൗൺ, കാരണം ഇങ്ങനെ
‘ഹോം സിനിമയെ അവാർഡിൽ നിന്നും പൂർണമായി അവഗണിച്ചതിൽ നിരാശയുണ്ട്. ജൂറി ഈ സിനിമ കണ്ടിട്ടുണ്ടാകില്ല. അവഗണിച്ചതിന്റെ കാരണം, വിജയ് ബാബുവിന്റെ കേസാണെങ്കിൽ അത് ഒരു നല്ല പ്രവണതയല്ല. അങ്ങനെയൊരു കീഴ്‌വഴക്കം ഉണ്ടാകുന്നത് ശരിയല്ല. വിജയ് ബാബു പ്രതിയാണെന്ന് തെളിഞ്ഞിട്ടില്ല. നാളെ വിജയ് ബാബു നിരപരാധിയാണെന്ന് തെളിഞ്ഞാൽ ജൂറി വീണ്ടും സിനിമ പരിഗണിക്കുമോ? ഇല്ലല്ലോ? കലയെ കലയായിട്ട് കാണണം. കലയെ കശാപ്പ് ചെയ്യാൻ പാടില്ല. എനിക്ക് അവാർഡ് കിട്ടാത്തതിൽ വിഷമമൊന്നുമില്ല. പക്ഷെ, ഈ സിനിമയ്ക്ക് എന്തെങ്കിലും അവാർഡ് ലഭിക്കേണ്ടതായിരുന്നു. മഞ്ജു പിള്ള ഒക്കെ നന്നായി ചെയ്ത സിനിമയാണ്’, ഇന്ദ്രൻസ് പറഞ്ഞു.
അതേസമയം, ‘ഹോം’ സിനിമയുടെ നിർമ്മാതാവ് പീഡനക്കേസിൽപ്പെട്ട വിവരം ഇന്നാണ് അറിയുന്നതെന്നും, ആ വിവാദം സംസ്ഥാന സിനിമ അവാർഡിനെ ബാധിച്ചിട്ടില്ലെന്നും ജൂറി ചെയർമാൻ സയിദ് അഖ്തർ മിർസ പറഞ്ഞു. ഇന്ദ്രൻസ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നെസ്ലൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി വിജയ് ബാബു നിർമ്മിച്ച സിനിമയാണ് ഹോം.
Post Your Comments