എറണാകുളം: കാലവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോതമംഗലം താലൂക്കില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു. താലൂക്കിലെ മണ്ണിടിച്ചില്‍ സാധ്യതയുള്ള കുട്ടമ്പുഴ വില്ലേജില്‍, സത്രപ്പടി ലക്ഷം വീട് കോളനിയിലാണ് മോക്ക് ഡ്രില്‍ നടത്തിയത്. മഴക്കാലത്തുണ്ടായേക്കാവുന്ന മണ്ണിടിച്ചില്‍ അപകടത്തെ നേരിടുന്നതിന്റെ കൃത്യത ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.
റവന്യൂ, അഗ്‌നിരക്ഷാ സേന, പോലീസ്, ഫോറസ്റ്റ്, മോട്ടോര്‍ വാഹനം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകള്‍ സംയുക്തമായാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്. മൂവാറ്റുപുഴ ആര്‍.ഡി.ഒ പി.എന്‍ അനി, താലൂക്ക് തഹസില്‍ദാര്‍മാരായ റേച്ചല്‍ കെ. വര്‍ഗീസ്, കെ.എം നാസര്‍ എന്നിവര്‍ മോക്ക് ഡ്രില്ലിന് നേതൃത്വം നല്‍കി. ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് അംഗങ്ങളായ സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും പങ്കാളികളായി.
മണ്ണിടിച്ചിലില്‍ അകപ്പെടുന്നവരെ പുറത്തെടുക്കുന്നതും, ആശുപത്രിയിലേക്ക് മാറ്റുന്നതും, മലവെള്ളപ്പാച്ചില്‍ മൂലം പുഴയില്‍ മുങ്ങിപ്പോയവരെ രക്ഷിക്കുന്നതും മോക്ക് ഡ്രില്ലിന്റെ ഭാഗമായി ആവിഷ്‌കരിച്ചു.
മോക്ക് ഡ്രില്ലിന് ശേഷം, എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തിക്കൊണ്ട് മൂവാറ്റുപുഴ ആര്‍.ഡി.ഒയുടെ അദ്ധ്യക്ഷതയില്‍ സത്രപ്പടി എല്‍.പി സ്‌കൂളില്‍ അവലോകന യോഗവും ചേര്‍ന്നു. താലൂക്കിലെ നിലവിലെ സ്ഥിതിയും മഴയ്ക്ക് മുന്നോടിയായി ഇനി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
Post Your Comments