തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ആറ്റുകാൽ ക്ഷേത്രത്തിന്റെ ഭരണനേതൃത്വം ഇനി വനിത സാരഥിയ്ക്ക്. 1979 ൽ ക്ഷേത്രം ട്രസ്റ്റ് രൂപീകരിച്ച ശേഷം ആദ്യമായാണ് ഭരണനേതൃത്വം വനിതയ്ക്ക് ലഭിക്കുന്നത്. ആറ്റുകാൽ കുളങ്ങര വീട്ടിൽ എ. ഗീതാകുമാരിയാണ് പുതിയ ചെയർപേഴ്‌സൺ.
ജലസേചന വകുപ്പിലെ ഐ.ഡി.ആർ.ബി ഡറക്ടറായി 2012 ലാണ് എ. ഗീതാകുമാരി വിരമിച്ചത്. 84 അംഗ ആറ്റുകാൽ ട്രസ്റ്റിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന ഗീതാകുമാരിയെ ഏകകണ്ഠമായാണ് ഭരണതലപ്പത്തേയ്ക്ക് തിരഞ്ഞെടുത്തത്. പുതിയ നിയോഗം ഭാഗ്യമായി കരുതുന്നുവെന്നാണ് ഗീതാകുമാരി പറയുന്നത്.
‘ആറ്റുകാലമ്മയുടെ നിയോഗമാണ് ഇത്. എന്റെ അച്ഛന്റേയും അമ്മയുടേയും അനുഗ്രഹവുമുണ്ട്’- ഗീതാകുമാരി പറയുന്നു. ആറ്റുകാൽ ക്ഷേത്രത്തിന്റെ സമഗ്രമായ വികസനമാണ് മുന്നിലുള്ള ലക്ഷ്യം. ഇതിനായി എല്ലാവരും ഒന്നിച്ചുചേർന്നുള്ള പ്രവർത്തനമായിരിക്കും ഉണ്ടാവുക എന്ന് ഗീതാകുമാരി പറയുന്നു. വരുന്ന വ്യാഴാഴ്ച ആദ്യ വനിതാ ട്രസ്റ്റ് ചെയർപേഴ്‌സണായി ഗീതാകുമാരി സ്ഥാനമേൽക്കും.
Post Your Comments