തൃശൂര്‍: വിവാഹം കഴിഞ്ഞു 14-ാം ദിവസം നവവധുവിനെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ട്വിസ്റ്റ്. ശ്വാസംമുട്ടിയുള്ള മരണമാണ് യുവതിയുടേതെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുല്ലശേരി നരിയംപുള്ളി ആനേടത്ത് സുബ്രഹ്‌മണ്യന്റേയും ശ്രീദേവിയുടേയും മകളാണ് 26കാരിയായ ശ്രുതി. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്ന തങ്ങളുടെ ആരോപണം, സ്ഥിരീകരിക്കുന്നതാണ് റിപ്പോര്‍ട്ടെന്ന് യുവതിയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു.
2020 ജനുവരി 6ന് ആണ് പെരിങ്ങോട്ടുകരയിലെ ഭര്‍തൃവീട്ടില്‍ ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ചെന്നായിരുന്നു ഭര്‍തൃവീട്ടുകാരുടെ വാദം. എന്നാല്‍, സ്ത്രീധനം കൂടുതലാവശ്യപ്പെട്ട് ശ്രുതിയെ ഭര്‍ത്താവ് അരുണ്‍ മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും കൊലപാതകമാണെന്നും കാട്ടി ശ്രുതിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഫൊറന്‍സിക് അനാലിസിസ് നടത്താന്‍ മെഡിക്കല്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തി. മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് മേധാവി ഡോ. സിറിയക് ജോബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനാലിസിസ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കഴിഞ്ഞ നവംബറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്, വിവരാവകാശ നിയമപ്രകാരമാണ് ശ്രുതിയുടെ കുടുംബത്തിന് ലഭിച്ചത്.
ശ്വാസംമുട്ടിയുള്ള മരണമെന്നാണ് റിപ്പോര്‍ട്ടിലെ അന്തിമ വിലയിരുത്തല്‍. കഴുത്തിലെ പേശികളില്‍ സമ്മര്‍ദ്ദമേറ്റതായും പറയുന്നുണ്ട്. അന്വേഷണം തുടരുകയാണെന്നാണ്, ക്രൈംബ്രാഞ്ചിന്റെ പ്രതികരണം. അരുണിനെയും വീട്ടുകാരെയും പോളിഗ്രാഫ് ടെസ്റ്റിനു വിധേയമാക്കിയെങ്കിലും ഫലം പുറത്തുവന്നിട്ടില്ല.
Post Your Comments