തിരുവനന്തപുരം: വിദ്വേഷ മുദ്രാവാക്യ കേസിൽ റിമാന്‍റ് റിപ്പോര്‍ട്ട് പുറത്ത് വിട്ട് പൊലീസ്. പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം നല്‍കിയെന്നാണ് പൊലീസിന്‍റെ റിമാന്‍റ് റിപ്പോര്‍ട്ട്. മതവിദ്വേഷത്തിന് പുറമെ പ്രതികൾക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തി. എസ്.ഡി.പി.ഐയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും പരിപാടികളിൽ വിവാദത്തിൽ ഉൾപ്പെട്ട കുട്ടി സജീവ സാന്നിധ്യമാണെന്നു പൊലീസ് സ്ഥിരീകരിച്ചു.
കുട്ടിയെ തോളിലേറ്റിയ അന്‍സാറിനെ റിമാന്റ് ചെയ്യുന്നതിന്റെ ഭാഗമായി സമർപ്പിച്ച റിപ്പോര്‍ട്ടിലാണ് പൊലീസ് ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നത്. വിവിധ മത വിഭാഗങ്ങൾ തമ്മിൽ മതസ്പർദ്ധ വളർത്താൻ പ്രതികൾ ലക്ഷ്യമിട്ടിരുന്നു എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിനായി കുട്ടിയെ ചുമലിലേറ്റി മറ്റു സമുദായങ്ങളിലുള്ളവരെ ആക്രമിക്കുന്നതിന് പ്രേരിപ്പിക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിപ്പിച്ചു.
‘പ്രകോപനപരമായ മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പ്രത്യേകം പരിശീലനം നല്‍കിയിട്ടുണ്ട്. എവിടെ വെച്ചാണ് പരിശീലനം നൽകിയതെന്ന് കണ്ടെത്തണം. ആരാണ് പരിശീലിപ്പിച്ചത്? ഇതിനായി, ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നന്വേഷിക്കണം’- റിമാന്‍റ് റിപ്പോർട്ടിൽ പറയുന്നു. ബാബ്‌റി മസ്ജിദ്, ഗ്യാന് വ്യാപി വിഷയങ്ങള്‍ മുദ്രാവാക്യങ്ങളില്‍ ഉൾപ്പെടുത്തിയതിനു പിന്നില്‍, ഗൂഢലക്ഷ്യങ്ങളുണ്ടെന്നും പൊലീസ് ആരോപിക്കുന്നു.
Post Your Comments