ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ഒരു കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനത്തെയും കുട്ടിയെ തോളിലേറ്റി പ്രകടനത്തിൽ പങ്കെടുത്ത ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബിനെയും റിമാൻഡ് ചെയ്തു. അതിനിടെ, പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണ് കുട്ടി.
കുട്ടിയെ അന്വേഷിച്ച് പൊലീസ് സംഘം വീട്ടിലെത്തി. എന്നാൽ, വീട് പൂട്ടിയ നിലയിലായിരുന്നു. അതുകൊണ്ട്, കുട്ടിയെ പൊലീസിന് ചോദ്യം ചെയ്യാനായിട്ടില്ല. നാല് ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. കുട്ടിയെ തിരിച്ചറിഞ്ഞിട്ടും വിവരങ്ങൾ പൊലീസ് രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. കുട്ടിയെ തിരിച്ചറിഞ്ഞാൽ മാതാപിതാക്കൾക്കെതിരെ ക്രിമിനൽ കേസ് എടുക്കുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.
ഇതേ തുടർന്ന്, കുടുംബം വീട്ടിൽ നിന്നും മാറിയതാണോയെന്ന് സംശയമുണ്ട്. ഇവർക്കായി പൊലീസ് അന്വേഷണം തുടരുകയാണെന്നാണ് സൂചന. ഇതിനൊപ്പം സംഭവത്തിൽ പ്രതിചേർത്ത പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബിനായുള്ള തിരച്ചിൽ തുടരുകയാണെന്നു പൊലീസ് പറഞ്ഞു. രാത്രിയോടെയാണ് കുട്ടിയുടെ സ്ഥലം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടാൻ പൊലീസ് തയ്യാറായത്. പ്രകോപന മുദ്രാവാക്യം വിളിയിൽ ഗൂഢാലോചനയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.
സംഭവത്തിൽ, 7 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ദേശീയ ബാലാവകാശ കമ്മിഷൻ കത്ത് നൽകിയിരുന്നു. സംസ്ഥാന ബാലാവകാശ കമ്മിഷനും വിഷയത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments