വാഷിംഗ്ടൺ: ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് മുന്നറിയിപ്പ് നൽകി ലോക ബാങ്ക്. കോവിഡിനെത്തുടര്‍ന്ന് ചൈനയില്‍ തുടരുന്ന ലോക്ക്ഡൗണും, റഷ്യയുടെ ഉക്രൈന് അധിനിവേശവും സമ്പദ് വ്യവസ്ഥയെ മന്ദഗതിയിലാക്കിയതായി ലോക ബാങ്ക് മേധാവി ഡേവിഡ് മാല്‍പാസ് വ്യക്തമാക്കി. ഭക്ഷ്യവസ്തുക്കള്‍, ഇന്ധനം, വളം എന്നിവയുടെ വില കുതിച്ചുകയറുന്നത് ആഗോള മാന്ദ്യത്തിന് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ മാസം, ഈ വര്‍ഷത്തെ ആഗോള സാമ്പത്തിക വളര്‍ച്ചാ പ്രവചനം 3.2 ശതമാനമായി ലോക ബാങ്ക് കുറച്ചിരുന്നു. യൂറോപ്പില്‍ ജര്‍മ്മനി ഉള്‍പ്പെടെ പലഭാഗങ്ങളിലും ഊര്‍ജ പ്രതിസന്ധി രൂക്ഷമായി തുടരുകയാണെന്നും ഇന്ധനത്തിന് വില ഉയരുന്നത് വികസിത രാജ്യങ്ങളെപ്പോലും സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ടെന്നും ലോക ബാങ്ക് നിരീക്ഷിക്കുന്നു. ഭക്ഷണം, ഊർജം, ഇന്ധനം എന്നിവയുടെ ക്ഷാമം വികസ്വര രാജ്യങ്ങളേയും വലയ്ക്കുന്നതായി ലോക ബാങ്ക് കണ്ടെത്തി.
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നുള്ള തിരിച്ചുവരവ് തൃപ്തികരമല്ലെന്നാണ്, ലോക ബാങ്കിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥയെ, തുടർച്ചയായുള്ള ലോക്ക്ഡൗണുകള്‍ മാന്ദ്യത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. റഷ്യയുടെ ഉക്രൈൻ അധിനിവേശവും അതേതുടര്‍ന്നുള്ള ഉപരോധവും മൂലം, ഇന്ധനത്തിനായി പൂര്‍ണമായും റഷ്യയെ ആശ്രയിച്ച യൂറോപ്പ് സമ്മര്‍ദ്ദത്തിലാണെന്നും ഡേവിഡ് മാല്‍പാസ് കൂട്ടിച്ചേര്‍ത്തു.
Post Your Comments