ന്യൂഡൽഹി: ആമസോണിൽ ഒരു പ്ലാസ്റ്റിക് ബക്കറ്റിന് വിലയിട്ടിരിക്കുന്നത് എത്രയെന്ന് കേട്ടാൽ നിങ്ങൾ അതിശയിക്കും. 25,999 രൂപയാണ് ബക്കറ്റിന് വില നൽകിയിരിക്കുന്നത്. വിചിത്രമായ ഈ വിലയുടെ കാര്യത്തിൽ ട്വിറ്ററിൽ കാര്യമായ ചർച്ച നടക്കുകയാണ്. ബക്കറ്റിൻെറ വിലയുടെ സ്ക്രീൻഷോട്ട് ട്വിറ്ററിൽ വൈറലാണ്. ബക്കറ്റ് വളരെ സാധാരണ പ്ലാസ്റ്റിക് ബക്കറ്റാണ്. അതിന് പ്രത്യേകമായ ഗുണങ്ങളൊന്നും തന്നെയില്ല. എന്നാൽ, മനുഷ്യനോ മെഷീനോ അബദ്ധം സംഭവിച്ചതാണെന്ന കാര്യത്തിൽ സംശയമില്ല. എന്ത് കൊണ്ടായിരിക്കും ഈ ബക്കറ്റിന് ഇത്രയും വില വന്നത് എന്നതുമായി ബന്ധപ്പെട്ട് ഗംഭീര ചർച്ചയും നടക്കുന്നുണ്ട്.
‘ആമസോണിൽ ഇപ്പോഴാണിത് കണ്ടത്. എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല’ എന്ന ക്യാപ്ഷനുമായാണ് ഒരാൾ ആദ്യം ബക്കറ്റിൻെറ ചിത്രം പങ്കുവച്ചത്. നിരവധി പേർ റീട്വീറ്റ് ചെയ്തിട്ടുണ്ട്. ഈ ബക്കറ്റ് വെള്ളം വീഞ്ഞാക്കാൻ കഴിവുണ്ടെന്ന് മറ്റൊരാൾ കമന്റ് ചെയ്തു. അതേസമയം, ഓൺലൈനിൽ ഇത്തരത്തിലുള്ള വില നൽകിയുള്ള പരസ്യങ്ങളൊന്നും ആദ്യമല്ല. ചിലത് സാങ്കേതികപ്പിഴവുകൾ കൊണ്ട് സംഭവിക്കുന്നതാണ്. ആമസോണിന് ബക്കറ്റിൻെറ കാര്യത്തിലും സംഭവിച്ചത് അത് തന്നെയാണ്. ഏതായാലും 26000 രൂപയുടെ ബക്കറ്റ് ആമസോൺ റിമൂവ് ചെയ്തിട്ടുണ്ട്.
Post Your Comments