ന്യൂഡൽഹി: അടുത്ത മാസം നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒന്നും എളുപ്പമാകില്ല. മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്കും, ഭരണപക്ഷത്തിന്റെ ശക്തമായ വളർച്ചയും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു. ജൂൺ 10-ന് നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഭാവി എന്താകുമെന്ന കാര്യത്തിൽ ഏകദേശ ധാരണ ലഭിച്ച് തുടങ്ങുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് കോൺഗ്രസിന് ചില്ലറ സമ്മർദ്ദമൊന്നുമല്ല ഏൽപ്പിക്കുന്നത്. അതിനു കാരണവുമുണ്ട്.
മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ അടക്കമുള്ള നേതാക്കൾ പാർട്ടി വിട്ടത് അപ്രതീക്ഷിതമായിട്ടായിരുന്നു. കോൺഗ്രസിന്റെ പതനം മുന്നിൽ കാണാൻ സാധിക്കുന്നുണ്ടെന്നാണ് പാർട്ടി വിടുന്നവർ പറയുന്നത്. പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷൻ സുനിൽ ഝാക്കറും, ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റായിരുന്ന ഹാർദിക് പട്ടേലും അടുത്തിടെയാണ് കോൺഗ്രസിൽ നിന്നും കൊഴിഞ്ഞുപോയത്. ഈ സാഹചര്യത്തിലും പ്രതീക്ഷ കൈവിടാതെ കൂടുതൽ പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് സോണിയ ഗാന്ധിയും കൂട്ടരും.
Also Read:അശ്വനി കുമാർ മുതൽ കപിൽ സിബൽ വരെ: പാർട്ടി വിടുന്ന തലമൂത്ത നേതാക്കൾ, അടുത്തതാര്?
രാജസ്ഥാനിൽ നിന്ന് മൂന്ന്, ഛത്തീസ്ഗഢിൽ നിന്ന് രണ്ട്, മധ്യപ്രദേശ്, കർണാടക, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് ഓരോ സീറ്റും ഉൾപ്പെടെ എട്ട് സീറ്റുകളെങ്കിലും നേടാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ബീഹാറിലെയും ജാർഖണ്ഡിലെയും സഖ്യകക്ഷികളുടെ ഔദാര്യത്തെ ആശ്രയിച്ചാണ് കോൺഗ്രസ് രണ്ട് സീറ്റുകൾ മെച്ചപ്പെടുത്തുന്നത്. കഴിഞ്ഞ എട്ട് വർഷമായി പാർലമെന്റിൽ കോൺഗ്രസിന്റെ ശക്തി കുറയുകയാണ് എന്നത് ഒരു വസ്തുതയാണ്. നിരവധി നേതാക്കൾ പാർട്ടിക്കെതിരെ മത്സരിച്ചു. 23 വിമത നേതാക്കളുടെ ആദ്യ സംഘത്തെ ജി 23 നേതാക്കൾ എന്നാണ് വിളിച്ചിരുന്നത്. ഇവരിൽ, അഞ്ച് തവണ ഉപരിസഭയിൽ സേവനമനുഷ്ഠിച്ച ഗുലാം നബി ആസാദും പാർട്ടി ഹൈക്കമാൻഡുമായി സമാധാന കരാർ ഉണ്ടാക്കിയതായി തോന്നുന്നു. ആനന്ദ് ശർമ്മ, കപിൽ സിബൽ, പാർട്ടി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് എന്നിവരാണ് മറ്റ് ജി 23 നേതാക്കൾ. ഇതിൽ കപിൽ സിബൽ കോൺഗ്രസിൽ നിന്നും കഴിഞ്ഞ ദിവസം രാജിവെച്ചു.
29 അംഗങ്ങളുള്ള കോൺഗ്രസിന് ഒമ്പത് അംഗങ്ങൾ വിരമിച്ചതോടെ കളി വീണ്ടും മുറുകുന്നു. പി ചിദംബരം, ജയറാം രമേഷ് തുടങ്ങിയ രാഷ്ട്രീയ നേതാക്കളുടെ കാലാവധി അവസാനിക്കുകയാണ്. ജാതി, പ്രാദേശിക സമവാക്യങ്ങൾ സന്തുലിതമാക്കുക എന്നതാണ് കോൺഗ്രസിന് മുന്നിലുള്ള മറ്റൊരു വെല്ലുവിളി. ശക്തമായ വിജയസാധ്യതയുള്ള മറ്റൊരു മുഖം ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ രാജീവ് ശുക്ലയാണ്. വിമത ക്യാമ്പിലേക്ക് എത്തുമ്പോൾ, എല്ലാ ശബ്ദങ്ങൾക്കും പാർട്ടിയിൽ പ്രാതിനിധ്യം നൽകുമെന്ന് സോണിയ ഗാന്ധി ഉറപ്പ് നൽകിയിരുന്നു.
Post Your Comments