തിരുവനന്തപുരം: കുട്ടികൾക്കുള്ള വാക്‌സിനേഷൻ യജ്ഞം ഒരു ദിവസം കൂടി നീട്ടി. സ്‌കൂൾ തുറക്കുന്ന സാഹചര്യം കൂടി മുന്നിൽ കണ്ട് പരമാവധി കുട്ടികൾക്ക് വാക്‌സിൻ നൽകുകയാണ് ലക്ഷ്യം. സ്‌കൂളുകളുമായും റസിഡന്റ്‌സ് അസോസിയേഷനുകളുമായും സന്നദ്ധ പ്രവർത്തകരുമായും സഹകരിച്ചാണ് കുട്ടികൾക്കുള്ള വാക്‌സിനേഷൻ യജ്ഞം സംഘടിപ്പിക്കുന്നത്. പ്രധാന ആശുപത്രികളിൽ ഈ ദിവസങ്ങളിൽ വാക്‌സിനേഷൻ ഉണ്ടായിരിക്കുന്നതാണ്. കോവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്‌തോ നേരിട്ട് വാക്‌സിനേഷൻ സെന്ററിലെത്തി രജിസ്റ്റർ ചെയ്‌തോ വാക്‌സിൻ സ്വീകരിക്കാവുന്നതാണ്. സ്‌കൂൾ ഐ.ഡി കാർഡോ ആധാറോ കൊണ്ട് വരേണ്ടതാണ്. ഈ പ്രായത്തിലുള്ള എല്ലാ കുട്ടികൾക്കും വാക്‌സിനെടുത്തെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
കോവിഡ് കേസുകൾ വർദ്ധിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. കോവിഡ് കേസുകളിൽ ജിനോമിക് പരിശോധനകൾ നടത്തുന്നതാണ്. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ഡ്രൈ ഡേ പ്രവർത്തനങ്ങൾ കൃത്യമായി നടത്തണം. ഫീൽഡ് പ്രവർത്തകരും ഡി.വി.സി യൂണിറ്റുകളും കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണം. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലകൾ കൃത്യമായി അവലോകനം നടത്തണം.
Post Your Comments