ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ കാര്യത്തിൽ വ്യക്തത വരുത്താതെ പൊലീസ്. പ്രകടനം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്താൻ പൊലീസിനായിട്ടില്ല. കുട്ടിയെ ഇതുവരെ തിരിച്ചറിയാനായില്ലെന്ന് ജില്ലാ പൊലീസ് അറിയിച്ചു. കുട്ടിയെ തോളിലേറ്റിയ അൻസാറിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, കുട്ടിയെ അറിയില്ലെന്നാണ് അൻസാർ പൊലീസിനോട് പറഞ്ഞത്. പ്രകടനത്തിനിടെ കൗതുകം തോന്നി തോളിലേറ്റിയതാണെന്നാണ് അൻസാർ നൽകിയിരിക്കുന്ന മൊഴി.
അൻസാറിന്റെ മൊഴി പൊലീസ് പൂർണ്ണമായി വിശ്വസിച്ചിട്ടില്ല.വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞാൽ മാതാപിതാക്കളെ കൂടി പ്രതി ചേർക്കാനാണ് പൊലീസിന്റെ തീരുമാനം. സംഭവത്തിലെ ഗൂഢാലോചന അടക്കം അന്വേഷിക്കും. ദൃശ്യങ്ങൾ തെളിവുകളായി ശേഖരിച്ച് കൂടുതൽ പേർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച പോപ്പുലർ ഫ്രണ്ട് ആലപ്പുഴയിൽ നടത്തിയ റാലിയിലാണ് പ്രവർത്തകൻ്റെ തോളിലേറി എത്തിയ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്.
കുട്ടിയെ തോളിലേറ്റി നടന്ന ഈരാറ്റുപേട്ട സ്വദേശി അൻസാറിനു പുറമെ, ഇന്നലെ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് പി.എ. നവാസിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രകടനത്തിൻ്റെ അനുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിച്ചതിനാണ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങൾ തെളിവുകളായി ശേഖരിച്ച് കൂടുതൽ പേർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Post Your Comments