കൊല്ലം: വിസ്മയ കേസിൽ കോടതിയില്‍ നടന്നത് ശക്തമായ വാദപ്രതിവാദം. കേസില്‍ പ്രതി കിരണ്‍ കുമാറിന് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചപ്പോള്‍ അത് പാടില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സൂര്യന് താഴെയുള്ള ആദ്യ ആത്മഹത്യ കേസല്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കോടതി നടപടികള്‍ ആരംഭിച്ചത്. ശിക്ഷ വിധിക്കുന്നതിന് പ്രതിയായ കിരണ്‍ കുമാറിനെ എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചു. കോടതിക്ക് മുന്നില്‍ ശിരസ് കുനിച്ചു നിന്നിരുന്ന കിരണ്‍, ഇതോടെ മറുപടി നല്‍കി
‘അച്ഛനും അമ്മയ്ക്കും സുഖമില്ല. അച്ഛന് ഓര്‍മ്മക്കുറവുണ്ട്. അതിനാല്‍, അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്. അമ്മയ്ക്ക് രക്തസമ്മര്‍ദവും വാതരോഗവും പ്രമേഹവുമുണ്ട്. കേസില്‍ ഞാൻ കുറ്റക്കാരനല്ല. കുടുംബത്തിന്റെ ഏക ആശ്രയം ഞാനാണ്. എന്റെ പ്രായം പരിഗണിക്കണം’- കിരണ്‍ കോടതിയില്‍ പറഞ്ഞു.
അതേസമയം, ഇത് ഒരു വ്യക്തിക്കെതിരെയുള്ള കേസല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ‘സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരെയുള്ള കേസാണ്. സ്ത്രീധനം വാങ്ങിയ പ്രതി ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ കൂടിയാണ്. സ്ത്രീധനത്തിന് വേണ്ടി മാത്രമാണ് പ്രതി ഭാര്യയെ ഉപദ്രവിച്ചത്. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണ്. അതിനാല്‍, ശിക്ഷാവിധി മാതൃകാപരമാകണം’- പ്രോസിക്യൂഷന്‍ വാദിച്ചു.
Post Your Comments