കൊച്ചി: ലക്ഷ്വദ്വീപ് തീരത്ത് നിന്നും കഴിഞ്ഞ ദിവസം 1520 കോടിയുടെ ഹെറോയിന്‍ പിടിച്ചതിന്റെ അന്വേഷണം നീളുന്നത് വന്‍ അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിലേയ്ക്ക്. അഫ്ഗാനില്‍ നിന്നും പാകിസ്ഥാന്‍ കടത്തുന്ന മയക്കുമരുന്ന് ഇറാനിലെ തുറമുഖങ്ങള്‍ വഴിയാണ് ഇന്ത്യന്‍ തീരത്തേയ്ക്ക് എത്തുന്നത്. ഇന്ത്യയ്ക്ക് വിവരങ്ങള്‍ കൈമാറിയത് ഇറാന്‍ പോലീസിന്റെ നര്‍ക്കോട്ടിക് വിഭാഗമാണെന്ന് രഹസ്യാന്വേഷണ അധികൃതര്‍ അറിയിച്ചു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും കോസ്റ്റ് ഗാര്‍ഡും സംയുക്തമായിട്ടാണ് തിരച്ചില്‍ നടത്തിയത്.
ഓപ്പറേഷന്‍ ഖോജ്ബിന്‍ എന്ന് പേരിട്ട തിരച്ചിലില്‍ ലക്ഷ്വദ്വീപിലെ ആഴക്കടലില്‍ കണ്ടെത്തിയ ബോട്ടുകളിലെ രഹസ്യ അറകളിലാണ് കോടിക്കണക്കിന് രൂപ വിലവരുന്ന ഹെറോയിനും മറ്റ് മയക്കുമരുന്നുകളും കണ്ടെത്തിയത്. ഇവര്‍ ആദ്യമായല്ല ഇത്തരം കടത്ത് നടത്തുന്നതെന്നും, ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരങ്ങള്‍ കേന്ദ്രീകരിച്ചുള്ള വന്‍ ലഹരി മാഫിയ ബന്ധമാണ് ഇവര്‍ക്കുള്ളതെന്നുമാണ് അനുമാനം.
ഇന്ത്യയിലേയ്ക്കും ശ്രീലങ്കയിലേയ്ക്കും മയക്കുമരുന്ന് കടത്തുന്ന സംഘം, ഇറാനിലെ ഛബഹാര്‍ തുറമുഖവും ബന്ധാര്‍ അബ്ബാസ് തുറമുഖവും ഉപയോഗിക്കുന്നതായാണ് വിവരം ലഭിച്ചിരിക്കുന്നത്.
Post Your Comments