കീവ്: ഫിൻലാൻഡും സ്വീഡനും നാറ്റോയിൽ ചേരാൻ പ്രഖ്യാപിച്ചതിന് പിന്നാലെ, ഉക്രൈനിൽ ആക്രമണം ശക്തമാക്കി റഷ്യ. ഡോൺബാസ് മേഖലയിൽ അതിശക്തമായ വ്യോമാക്രമണവും കരാതിർത്തിയിൽ നിന്നുള്ള ആക്രമണവും നടത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
ഡോൺബാസിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായെന്നും നിരവധി പൗരന്മാർ കൊല്ലപ്പെട്ടുവെന്നും ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വ്യക്തമാക്കി. ഡോൺബാസ് അക്ഷരാർത്ഥത്തിൽ നരകതുല്യമായെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ലുഹാൻസ്ക് ഉടൻതന്നെ പിടിച്ചടക്കുമെന്ന് റഷ്യ പ്രഖ്യാപിച്ചു കഴിഞ്ഞു. 1,700 യുക്രൈൻ സൈനികർ കീഴടങ്ങിയെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. എന്നാൽ, 2,000 പേരാണ് കീഴടങ്ങിയതെന്ന് റഷ്യ വ്യക്തമാക്കുന്നു.
ഉക്രെയിന് കൂടുതൽ സഹായം എത്തിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുന്നുണ്ട്. 950 കോടി ഡോളർ സഹായമായി നൽകുമെന്ന് ജി7 രാജ്യങ്ങൾ അറിയിച്ചു. ഉക്രൈയിനിലേക്കുള്ള ഭക്ഷ്യസഹായം തടയുന്ന റഷ്യയുടെ യുദ്ധക്കപ്പലുകളെ തകർക്കാൻ വേണ്ടി മിസൈലുകളും യു.എസ് നൽകിത്തുടങ്ങിയിട്ടുണ്ട്. ടാങ്കുകളും ഹോവിറ്റ്സറുകളും നൽകുമെന്നു ജർമ്മനിയും പ്രഖ്യാപിച്ചു.
Post Your Comments