കശ്മീർ: മുസ്ലീം പള്ളിയിലെ ബാങ്ക് വിളി പഠനത്തെ ബാധിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധവുമായി വിദ്യാർത്ഥികൾ. ജമ്മു കശ്മീരിലെ ഒരു പ്രാദേശിക പള്ളിക്കെതിരെയാണ് വിദ്യാർത്ഥികൾ രംഗത്തെത്തിയത്. ഗാന്ധി മെമ്മോറിയൽ ഗവൺമെന്റ് കോളേജിലെ വിദ്യാർത്ഥികളാണ് ബാങ്ക് വിളിക്കെതിരെ, ഉച്ചഭാഷിണി ഉപയോഗിച്ച് ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറിലധികം വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു.
പ്രാദേശിക പള്ളിയിൽ നിന്നും ഉയരുന്ന ബാങ്ക് വിളി പഠനത്തെ ബാധിക്കുന്നുവെന്നും, ഇത് തങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഗാന്ധി മെമ്മോറിയൽ ഗവൺമെന്റ് കോളേജിലെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. ഉച്ചഭാഷിണി പ്രയോഗം, പഠിക്കുമ്പോൾ തങ്ങളെ ശല്യപ്പെടുത്തുന്നുണ്ടെന്നും ഇത് പ്രാദേശിക പള്ളിക്കെതിരെ പ്രതിഷേധിക്കാൻ പ്രേരിപ്പിച്ചുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു. പ്രദേശത്തെ മസ്ജിദിനു മുന്നിൽ വിദ്യാർഥികൾ ഒത്തുകൂടി ഹനുമാൻ ചാലിസ പാരായണം ചൊല്ലുകയായിരുന്നു.
Also Read:രാജ്യത്ത് സർവകാല ഉയരത്തിൽ വിദേശ നിക്ഷേപം
മത-പൊതു സ്ഥലങ്ങളിൽ നിന്ന് അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഉച്ചഭാഷിണികളും പൊതു വിലാസ സംവിധാനങ്ങളും നീക്കം ചെയ്യാൻ ജമ്മു മുനിസിപ്പൽ കോർപ്പറേഷൻ (ജെഎംസി) മെയ് 17 ന് പ്രമേയം പാസാക്കിയിരുന്നു. ഇതിനുശേഷവും പള്ളികളിൽ ലൗഡ് സ്പീക്കറുകളുടെ ഉപയോഗം തുടർന്നു. പ്രാദേശിക മസ്ജിദിന്റെ ഉച്ചഭാഷിണി ഉപയോഗം തടയുന്നതിൽ അധികാരികൾ പരാജയപ്പെട്ടുവെന്നാരോപിച്ച്, പ്രാദേശിക പള്ളിക്കെതിരെ വിദ്യാർത്ഥികൾ രോഷാകുലരായി പ്രതിഷേധിച്ചു.
Post Your Comments