
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിനെതിരെ ആരോപണവുമായി ചാനലിലെ ഡെപ്യൂട്ടി ന്യൂസ് പ്രൊഡ്യൂസറും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കഥാകൃത്തുമായ സി.അനൂപ്. ചാനൽ തന്നെ കാരണമില്ലാതെ പുറത്താക്കിയെന്ന് അനൂപ് പറയുന്നു. മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എസ്.ജയചന്ദ്രന് നായരുമായി മാതൃഭൂമി ആഴ്ചപതിപ്പിന് വേണ്ടി അഭിമുഖം നടത്തിയതിന് പിന്നാലെയാണ് ചാനൽ തന്നോട് രാജി ആവശ്യപ്പെട്ടതെന്നാണ് സി.അനൂപ് ആരോപിക്കുന്നത്. ‘ദ ക്യു’വിനോട് ആയിരുന്നു മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അഭിമുഖം പ്രസിദ്ധീകരിച്ചത് സ്ഥാപനത്തിന്റെ ചട്ടങ്ങള്‍ക്ക് എതിരാണെന്നും, അതിനാല്‍ രാജി വെക്കണമെന്നും മാനേജ്മെന്റ് തന്നോട് ആവശ്യപ്പെട്ടുവെന്നും അനൂപ് പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിലെ എഡിറ്റര്‍മാര്‍ ഉള്‍പ്പെടെ പല മാധ്യമപ്രവര്‍ത്തകരും പ്രസിദ്ധീകരണങ്ങളിലും ഓണ്‍ലൈനിലുമായി എഴുതാറുണ്ടായിരുന്നുവെന്നും, അപ്പോഴൊന്നും ഇത്തരത്തില്‍ ശിക്ഷാനടപടി സ്വീകരിച്ചിട്ടില്ലെന്നുമാണ് അനൂപ് മുന്നോട്ട് വെയ്ക്കുന്ന ന്യായം. സ്ഥാപനത്തില്‍ നിന്ന് അകാരണമായി പിരിച്ചുവിട്ടതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് അനൂപ് പറയുന്നത്.
‘മാതൃഭൂമിയില്‍ നാലാഴ്ച മുമ്പ് എസ്. ജയചന്ദ്രന് നായരുമായിട്ടുള്ള ദീര്‍ഘമായിട്ടുള്ള ഒരു ഇന്റര്‍വ്യൂ വന്നിരുന്നു. അത് കഴിഞ്ഞ് നാലഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു മെയില്‍ വന്നു. അങ്ങനെ പുറത്ത് വര്‍ക്ക് ചെയ്യാന്‍ പാടില്ല. സ്ഥാപനത്തിന് എതിരായി ചെയ്തത് കൊണ്ട് വിശദീകരണം വേണമെന്ന് ആയിരുന്നു അതിൽ പറഞ്ഞത്. ഞാന്‍ 2013 ല്‍ ഏഷ്യാനെറ്റില്‍ ജോയിന്‍ ചെയ്യുമ്പോള്‍ ടി.എന്‍ ഗോപകുമാറാണ് അവിടെ എഡിറ്റര്‍. അതിന് ശേഷം എം.ജി.ആര് വന്നു. ഞങ്ങളെല്ലാവരും പല പ്രിന്റ് മീഡിയയിലും ഓണ്‍ലൈനിലും അന്നും എഴുതുന്നവരാണ്. ഇങ്ങനെ ഒരു നിയന്ത്രണം ഇതു വരെയും എന്നോട് പറഞ്ഞിട്ടുമില്ല.
താലികെട്ടിയ ശേഷം വിവാഹ ഉടമ്പടി ഏറ്റു ചൊല്ലാൻ വരൻ തയ്യാറായില്ല: വധുവിനെ ബന്ധുക്കള്‍ മടക്കികൊണ്ടുപോയി
അതുകൊണ്ട് ഇനിയും അങ്ങനെ ചെയ്യാനുള്ള സ്പെയ്സാണ് ഏഷ്യാനെറ്റ് ന്യൂസില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്നുപറഞ്ഞ് ഇ മെയിലിന് ഞാന്‍ മറുപടി അയച്ചു. വിഷയം സീരിയസ് ആണെന്നും രാജി വേണമെന്നും പറഞ്ഞു. ഞാന്‍ ചെയ്തത് തെറ്റാണെന്ന് തോന്നാത്തത് കൊണ്ട് രാജി തരില്ലെന്ന് പറഞ്ഞു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബിസിനസ് ഹെഡ് ആയിട്ടുള്ള ഫ്രാങ്ക് ടി തോമസ് വന്ന് ടെര്‍മിനേഷന്‍ ലെറ്റര്‍ തന്നു. എന്താണ് പെട്ടെന്നുള്ള പ്രകോപനത്തിന് പിന്നില്‍ എന്ന് അറിയണം. 25 വര്‍ഷത്തിലേറെയായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. ഇങ്ങനെ ഒരനുഭവം എനിക്കെന്നല്ല, ഒരു മാധ്യമപ്രവര്‍ത്തകനും ഉണ്ടായിട്ടുണ്ടോ എന്ന് അറിയില്ല. നിയമപരമായി മുന്നോട്ട് പോകും’, അനൂപ് പറഞ്ഞു.
അതേസമയം, അനൂപിന്റെ ആരോപണത്തിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസ് മാനേജിംഗ് എഡിറ്റര്‍ മനോജ് കെ ദാസുമായി ബന്ധപ്പെട്ടെങ്കിലും ഇങ്ങനൊരു വിഷയം അറിയില്ലെന്നും ഒന്നും പറയാനില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചതെന്നും ‘ദ ക്യു’ റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments