കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ പിന്തുണച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പ്രസംഗ ഭാഷയിലെ ഗ്രാമര്‍ പിശക് പരിശോധിക്കേണ്ടതുണ്ടോയെന്നും ശബ്ദതാരാവലി എടുത്തിട്ടാണോ പൊതുമധ്യത്തില്‍ ആളുകള്‍ പ്രസംഗിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ചില പ്രയോഗങ്ങള്‍ പ്രസംഗ ഭാഷയെന്ന നിലയില്‍ വിട്ടുകളയണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെ.സുധാകരനെതിരെ കേസെടുത്ത നടപടിയോട് പ്രതികരിക്കുകയായിരുന്നു എം.എല്‍.എ.
‘കെ.സുധാകരന്റേത് പ്രസംഗ ഭാഷയാണ്. അതിലെ ഗ്രാമര്‍ പിശക് പരിശോധിക്കേണ്ടതുണ്ടോ. പ്രസംഗ ഭാഷയെന്ന നിലയില്‍ ഇതെല്ലാം വിട്ടുകളയണം. എന്തിനാണ് അതിന് ജീവന്‍ കൊടുക്കുന്നത്. പ്രസംഗത്തിന്റെ ചരിത്രം എടുത്ത് നോക്കൂ. ഒരു പൊതുയോഗത്തില്‍ മൈക്ക് നിരത്തി പ്രസംഗിക്കുമ്പോള്‍ അപ്പുറത്തും ഇപ്പുറത്തും ഉള്ള ആളുകള്‍ക്കെതിരെ എത്ര രൂക്ഷനയമാണ് വിമര്‍ശനം ഉന്നയിക്കുന്നത്. ശബ്ദതാരാവലി എടുത്തിട്ടാണോ പ്രസംഗിക്കുന്നത്. ആ നിലയില്‍ കണ്ടില്ലാ കേട്ടില്ലായെന്ന് നടിക്കേണ്ട കാര്യങ്ങളുണ്ട്. എത്രയോ പ്രസംഗങ്ങള്‍ ചരിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. സുധാകരന്റെ വാദത്തോട് യോജിക്കുന്നില്ല. എങ്കിലും, ഉപമയുടെ അടിസ്ഥാനത്തിലാണ് ഞാൻ അത് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു കഴിഞ്ഞു’- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സാഹചര്യത്തിലാണ് കേസെടുത്തതെങ്കില്‍ അത് സര്‍ക്കാരിനെ ദുര്‍വിനിയോഗം ചെയ്യലാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും അങ്ങനെ ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . നെഹ്‌റുവിനെ കുറിച്ച് ശങ്കറിന്റെ കാര്‍ട്ടൂണ്‍ കണ്ടിട്ടില്ലേയെന്നും ഭാരതയക്ഷിയാണ് ഇന്ദിരാ ഗാന്ധിയെന്ന് എത്രയോ പേര്‍ പ്രസംഗിച്ച് നടന്നിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
Post Your Comments