KeralaLatest NewsNews

സൈലന്റ് വാലി വനത്തിനുള്ളില്‍ കാണാതായ വാച്ചര്‍ രാജനെ കണ്ടെത്തുന്നതിന് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി കുടുംബം

മകളുടെ വിവാഹവും കുടുംബ കാര്യങ്ങളും രാജനെ അലട്ടുന്നുവെന്ന രീതിയിലുള്ള പ്രചാരണം ശരിയല്ല, സാമ്പത്തിക ബുദ്ധിമുട്ടില്ല

അഗളി: സൈലന്റ് വാലി വനത്തിനുള്ളില്‍ കാണാതായ വാച്ചര്‍ രാജനെ കണ്ടെത്തുന്നതിന് മനുഷ്യാവകാശ കമ്മീഷന് കുടുംബം പരാതി നല്‍കി. മകളുടെ വിവാഹവും കുടുംബ കാര്യങ്ങളും രാജനെ അലട്ടുന്നുവെന്ന രീതിയിലുള്ള പ്രചാരണം ശരിയല്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

Read Also: ഹോട്ടല്‍ മുറിയില്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

‘രണ്ടു പെണ്‍കുട്ടികള്‍ മാത്രമാണുള്ളത്. മൂത്തയാളുടെ വിവാഹം നേരത്തെ കഴിഞ്ഞു. രണ്ടാമത്തെ മകളുടെ വിവാഹം ജൂണ്‍ 11ന് നിശ്ചയിച്ചിരിക്കുകയാണ്. വരന്റെ വീട്ടുകാര്‍ സ്ത്രീധനം ഒന്നും ആവശ്യപ്പെട്ടിട്ടില്ല. വിവാഹം നടത്താന്‍ കുടുംബത്തിന് സാമ്പത്തികമായി ബുദ്ധിമുട്ടുമില്ല’, സഹോദരി സത്യഭാമ പറഞ്ഞു.

‘സാധാരണ ജോലിക്ക് പോകുന്ന വിധത്തില്‍ വീടുവിട്ടിറങ്ങിയ അച്ഛന്‍ ആത്മഹത്യ ചെയ്യുമെന്ന് ഒരിക്കലും കരുതാനാകില്ല. അച്ഛന്‍ കാടുവിട്ട് മറ്റൊരിടത്തേക്കും പോകില്ല. 20 വര്‍ഷമായി വാച്ചറായി ജോലി നോക്കുന്നു. കാട്ടുവഴിയെല്ലാം മന:പ്പാഠമാണെന്നും ജോലിയില്‍ നിന്നും പിരിച്ചു വിടുന്ന കാര്യത്തില്‍ അച്ഛന് എന്തെങ്കിലും പ്രയാസമുള്ളതായി തോന്നിയിട്ടില്ല’, മകള്‍ പറഞ്ഞു.

വനത്തിനകത്ത് രാജന്റേത് എന്ന് കരുതുന്ന വസ്ത്രവും ചെരുപ്പും കണ്ടെത്തിയിരുന്നു. തുടര്‍ന്ന്, എല്ലാ ദിവസവും രാജനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അഗളി ഡിവൈഎസ്പിയുടെ കീഴിലുള്ള നിരവധി സേനാംഗങ്ങളാണ് വിവിധയിടങ്ങളില്‍ തിരഞ്ഞത്.

രാജനായി വനത്തിനുള്ളില്‍ ഇനി പ്രത്യേക തിരച്ചില്‍ നടത്തേണ്ടതില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. ഈ സാഹചര്യത്തിലാണ്, മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ബന്ധുക്കള്‍ പരാതി നല്‍കിയത്.

രാജനെ കാണാതായിട്ട് 19 ദിവസം പിന്നിട്ടിട്ടും ആര്‍ക്കും ഒരു സൂചനയും നല്‍കാനായില്ല. മകള്‍ രേഖയുടെ വിവാഹം ജൂണ്‍ 11നാണ്. അതിന് മുന്‍പേ അച്ഛനെ കണ്ടെത്തണം ഇതു മാത്രമാണ് കുടുംബത്തിന്റെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button