തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറെ സ്ഥലംമാറ്റി. യു.ഡി.എഫിന്റെ പരാതിയിലാണ് ഡെപ്യൂട്ടി കളക്ടർ അനിതാകുമാരിയെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്. തൃക്കാക്കരയിലെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് യു.ഡി.എഫ്. പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ്, ഉപതെരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറെ സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവായത്.
വയനാട് ലാൻഡ് റെവന്യൂ ഡെപ്യൂട്ടി കളക്ടർ ജി നിർമ്മൽ കുമാറിനാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് ചുമതല നൽകിയിരിക്കുന്നത്. ഗുരുതര ആരോപണങ്ങളാണ് യു.ഡി.എഫ്. അനിതാകുമാരിക്കെതിരെ ഉന്നയിച്ചിരുന്നത്. 2011ൽ തെരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോപണം നേരിട്ടയാളാണ് കളക്ടർ.
യു.ഡി.എഫ്. കൊടുത്ത പലരുടെ പേരും വോട്ടർ പട്ടികയിൽ വന്നില്ലെന്നും ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞിരുന്നു.
‘സോഷ്യൽ എൻജിനീയറിംഗ് എന്ന ഓമനപ്പേരിൽ ജാതി പറഞ്ഞ് വോട്ടു തേടുകയാണ്. അവരവരുടെ ജാതി നോക്കിയാണ് മന്ത്രിമാർ വീടുകളിൽ കയറി വോട്ട് ചോദിക്കുന്നത്. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുകയാണ് എൽ.ഡി.എഫ്. മതേതര കേരളത്തിന് അപമാനമാണ് മന്ത്രിമാരുടെ നടപടി’ വി.ഡി സതീശന്‍ വിമർശിച്ചു.
Post Your Comments