
കൊച്ചി: കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജിനെതിരെ രൂക്ഷവിമർശനവുമായി ട്വൻറി20 ചീഫ് കോഓഡിനേറ്റർ സാബു എം ജേക്കബ് രംഗത്ത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിയും വരെ ശ്രീനിജിനെ പൂട്ടിയിടണമെന്ന് സാബു എംജേക്കബ് പറഞ്ഞു. ജന്മം കൊണ്ട് കോൺഗ്രസുകാരനായ ശ്രീനിജിനെ അവിടെ നിന്ന് അടിച്ചു പുറത്താക്കിയതാണെന്നും എറണാകുളം ജില്ലയിൽ കമ്യൂണിസത്തിന്‍റെ അധഃപതനം കണ്ടിട്ടേ ശ്രീനിജിൻ പിന്മാറുകയുള്ളൂവെന്നും സാബു എം ജേക്കബ് വ്യക്തമാക്കി.
നേരത്തെ, സാബു എം ജേക്കബിനെ പരിഹസിച്ചുള്ള എംഎൽഎ പിവി ശ്രീനിജന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. പിന്നീട്, നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്ന്, എംഎൽഎ പോസ്റ്റ് നീക്കം ചെയ്തെങ്കിലും വിവാദങ്ങൾ അവസാനിച്ചിരുന്നില്ല. പാർട്ടി അച്ചടക്കം ലംഘിക്കുന്ന അദ്ദേഹത്തെ നേതൃത്വം നിയന്ത്രിക്കണമെന്നും ട്വൻറി20യിലായിരുന്നെങ്കിൽ, 24 മണിക്കൂറിനുള്ളിൽ ശ്രീനിജിൻ പാർട്ടിക്ക് പുറത്തുപോയിട്ടുണ്ടാകുമെന്നും സാബു എം ജേക്കബ് കൂട്ടിച്ചേർത്തു.
Post Your Comments