മുംബൈ: എൻസിപി നേതാവ് ശരദ് പവാറിനെതിരെ പോസ്റ്റിട്ട സംഭവത്തിൽ നടിയ്‌ക്കെതിരെ അണികളുടെ വൻപ്രതിഷേധം. നടി കേതകി ചിതാലയെ കോടതിയിൽ ഹാജരാക്കാൻ വന്ന സമയത്താണ് മുട്ടയെറിഞ്ഞും മഷി ഒഴിച്ചും എൻസിപി പ്രവർത്തകർ പ്രതിഷേധം നടത്തിയത്. അറസ്റ്റിലായ നടിയെ മെയ് 18 വരെ പോലീസ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു.
ശരദ് പവാറിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റിട്ടതിനാലാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന്, കോടതിയിൽ ഹാജരാക്കുന്ന വേളയിലാണ് ഈ സംഭവങ്ങൾ നടന്നത്. നടിയുടെ പോസ്റ്റ് മൂലം, എൻസിപിയും ശിവസേനയും തമ്മിലുള്ള ശത്രുത വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്വപ്നിൽ നെട്ക എന്ന പ്രവർത്തകൻ പരാതി നൽകുകയായിരുന്നു. ‘നരകം നിങ്ങളെ കാത്തിരിക്കുന്നു, നിങ്ങൾ ബ്രാഹ്മണരെ വെറുക്കുന്നു ‘ എന്നിങ്ങനെയാണ് നടി പോസ്റ്റിൽ കുറിച്ചിരുന്നത്.
നിതിൻ ഭാവെ എന്ന അഭിഭാഷകൻ ഫേസ്ബുക്കിൽ കുറിച്ചത് നടി ഷെയർ ചെയ്യുകയായിരുന്നു. ഇതിന്റെ പേരിലാണ് നടിക്കെതിരെ പരാതിയും രൂക്ഷവിമർശനവും ഉയർന്നത്. അഞ്ച് കേസുകളാണ് കേതകിയ്ക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Post Your Comments