ഏലംകുളം: മപ്പാട്ടുകര റെയില്‍വേ പാലത്തില്‍ മാതാവിന്റെ കൈയില്‍നിന്ന് പുഴയിലേക്കു വീണ് കാണാതായ 11 ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. സംഭവസ്ഥലത്തുനിന്ന് രണ്ടു കിലോമീറ്ററിലേറെ അകലെ കട്ടുപ്പാറ ഇട്ടക്കടവ് തടയണയ്ക്കു താഴ്ഭാഗത്തുനിന്നാണ് കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെ തടയണയുടെ 50 മീറ്ററോളം താഴെ പ്രഭാകടവില്‍ മീന്‍പിടിക്കാനെത്തിയ യുവാവാണ് മൃതദേഹം കണ്ടത്.
മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സതേടുന്ന പാലത്തോൾ സ്വദേശിയായ 35-കാരിയുടെ കൈയിൽനിന്നാണ് കുഞ്ഞ് തൂതപ്പുഴയിലേക്ക് വീണത്. തീവണ്ടി കടന്നുപോയപ്പോഴുണ്ടായ വിറയലിൽ കുഞ്ഞു തെറിച്ചുപോയെന്നാണ് അമ്മ പറയുന്നത്. ഏലംകുളം മുതുകുർശി മപ്പാട്ടുകര പാലത്തിൽ ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. പാലത്തിന് അരക്കിലോമീറ്ററോളം അകലെയുള്ള വീട്ടിൽനിന്ന് രാത്രി ഒൻപതോടെ യുവതിയെയും കുഞ്ഞിനെയും കാണാതായി.
വീട്ടുകാർ അന്വേഷിക്കുന്നതിനിടെ യുവതി ഒറ്റയ്ക്ക് തിരിച്ചെത്തി. കുഞ്ഞെവിടെയെന്ന് വീട്ടുകാർ ചോദിച്ചപ്പോളാണ് പുഴയിൽ വീണ കാര്യം പറഞ്ഞത്. റെയിൽവേ പാലത്തിന് മുകളിൽ നിൽക്കുമ്പോൾ തീവണ്ടി വരുന്നതുകണ്ട് പാലത്തിലെ സുരക്ഷിത കവചത്തിലേക്ക് (ട്രോളിക്കൂട്) മാറി.
തുടർന്ന്, തീവണ്ടി കടന്നുപോയപ്പോളുണ്ടായ വിറയലിൽ കുഞ്ഞ് കൈയിൽനിന്നു തെറിച്ച് പുഴയിലേക്ക് വീണെന്ന് യുവതി പറഞ്ഞതായി ബന്ധുക്കൾ പോലീസിൽ മൊഴി നൽകി.
കരയോടു ചേര്‍ന്ന് ചപ്പുചവറുകള്‍ക്കിടയില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം. ഇത് കണ്ടെത്തിയ യുവാവ്, നാട്ടുകാരെയും പോലീസിലും അഗ്‌നിരക്ഷാനിലയത്തിലും വിവരമറിയിച്ചു. തുടര്‍ന്ന്, പെരിന്തല്‍മണ്ണ അഗ്‌നിരക്ഷാനിലയത്തിലെ സീനിയര്‍ ഫയര്‍ ഓഫീസര്‍ സജിത്തിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളും ട്രോമാകെയര്‍ വൊളന്റിയര്‍മാരും ചേര്‍ന്നാണ് മൃതദേഹം കരയിലേക്കെത്തിച്ചത്. പിന്നീട്, എസ്.ഐ. സി.കെ. നൗഷാദിന്റെ നേതൃത്വത്തില്‍ മൃതദേഹ പരിശോധന നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കയച്ചു.
Post Your Comments