സ്ത്രീധന പീഡനത്തെ തുടർന്നുള്ള മരണ വാർത്ത വീണ്ടും കേരളത്തിൽ ഉയരുകയാണ്. മോഡലും നടിയുമായ ഷഹനയുടെ മരണത്തിനു പിന്നാലെ ഭർത്താവ് അറസ്റ്റിൽ ആയിരിക്കുകയാണ്. സ്ത്രീധനത്തിന്റെ പേരിൽ നിരന്തരമായി ഭർത്താവ് ഷഹനയെ ഉപദ്രവിക്കുമായിരുന്നെന്നു കുടുംബം ആരോപിക്കുന്നു. ഈ വിഷയത്തിൽ, അഞ്ജലി പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.
വിവാഹം കഴിപ്പിച്ച് ഭാരം ഒഴിവാക്കാൻ ഉള്ള ക്വിൻ്റൽ വേസ്റ്റ് ചാക്കു കെട്ടുകൾ അല്ല പെൺകുട്ടികൾ എന്നും പല പെൺകുട്ടികളും തങ്ങളുടെ സഹോദരങ്ങളുടെ ഭാവി ജീവിതം കൂടി ഓർത്താണ് ഇത്തരം പീഡനങ്ങൾ സഹിച്ച് ജീവിക്കുന്നതെന്നും അഞ്ജലി പറയുന്നു.
കുറിപ്പ് പൂർണ്ണ രൂപം,
നമ്മുടെ പെൺകുട്ടികളോട് നമ്മൾ സ്ഥിരം പറയുന്ന ഒരു ഡയലോഗ് ഉണ്ട്. സ്വന്തം കാലിൽ നിന്ന ശേഷമേ വിവാഹത്തെ കുറിച്ച് ആലോചിക്കാൻ പാടുള്ളൂ എന്ന്. ഈ സ്വന്തം കാലിൽ നിൽക്കൽ എന്നത് കൊണ്ട് ഒരു ജോലി നേടാൻ ആണ് പലരും പറയാതെ പറയുന്നത്. പക്ഷേ നമ്മളിൽ പലരും ചിന്തിക്കാത്ത ഒരു കാര്യമാണ് എത്ര സ്ത്രീകൾക്ക് സ്വന്തം ജോലി ചെയ്തു കിട്ടുന്ന പണം സ്വന്തം ഇഷ്ടത്തിന് ചിലവാക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ടെന്നത്? ജോലി ചെയ്ത പണം ഭർത്താവിന് നൽകാത്തതിനെ ചൊല്ലി ഉണ്ടായ വഴക്കിന് ശേഷം ഷഹ്ന എന്ന പെൺകുട്ടി മരണപ്പെട്ടിട്ടുണ്ട്.
ആൻലിയ, ഉത്ര, വിസ്മയ, മോഫിയ, റിഫ, സുവ്യ ലിസ്റ്റ് അനന്തമായി നീളുകയാണ്. തങ്ങളുടെ മകൾ കടന്നു പോവുന്നത് ഗാർഹിക പീഡനമാവുമ്പോളും സഹിക്കാനും പൊറുക്കാനും പറയുകയും അവളുടെ മരണ ശേഷം ഭർതൃവീട്ടുകാരുടെ പ്രശ്നങ്ങൾ എണ്ണി പെറുക്കി പറയുകയും ചെയ്യുന്ന വീട്ടുകാരും ഭർതൃ വീട്ടുകാരെ പോലെ കുറ്റക്കാർ ആണ്. വിവാഹം കഴിപ്പിച്ച് ഭാരം ഒഴിവാക്കാൻ ഉള്ള ക്വിൻ്റൽ വെയ്സ്റ്റ് ചാക്കു കെട്ടുകൾ അല്ല പെൺകുട്ടികൾ. പല പെൺകുട്ടികളും തങ്ങളുടെ സഹോദരങ്ങളുടെ ഭാവി ജീവിതം കൂടി ഓർത്താണ് ഇത്തരം പീഡനങ്ങൾ സഹിച്ച് ജീവിക്കുന്നത്. സ്വന്തം സഹോദരൻ്റെ വിവാഹം കഴിയുന്ന വരെ ഗാർഹിക പീഡനം ആരോടും പറയാതെ സഹിച്ച ഒരു പെൺകുട്ടിയെ അറിയാം. താൻ കാരണം സഹോദരന് വിവാഹത്തിന് ബുദ്ധിമുട്ട് ഉണ്ടാവരുത് എന്ന നിർബന്ധം കൊണ്ട് ഒരു തരത്തിലും വർഷങ്ങൾക്ക് ശേഷവും മാപ്പ് കൊടുക്കാൻ പറ്റാത്ത ഭർതൃവീട്ടുകാരുടെ കൂടെ കുറെ വർഷങ്ങൾ എല്ലാം സഹിച്ച് അവളു ജീവിച്ചത്. ഇങ്ങനെ സഹിച്ച് നിൽക്കുന്ന സഹോദരിമാരെ ഒരു വാക്ക് കൊണ്ട് പോലും ചേർത്ത് നിർത്താത്ത സഹോദരങ്ങൾ ഉണ്ട്. വിവാഹിതയായ പെൺകുട്ടി തിരികെ വന്നാൽ അത് മാതാപിതാക്കളുടെ വളർത്തു ദോഷം ആയി കണക്കാക്കുന്ന നമ്മളുടെ സമൂഹവും ഇതിൽ പ്രതിയാണ്. വിവാഹം കഴിഞ്ഞ് ചെല്ലുന്ന വീട്ടിൽ എന്തും സഹിച്ചും ക്ഷമിച്ചും ജീവിക്കുക എന്നതാണ് അവളെ മറ്റുള്ളവർക്ക് മുന്നിൽ വിലയുള്ളവൾ ആക്കുക എന്നതാണ് നാട്ടുനടപ്പ്. ഇതിനെ മറികടക്കുന്ന പെൺകുട്ടികൾ അധികപ്രസംഗികൾ ആയി മാറുന്നതും ഇതേ നാട്ടുനടപ്പിൻ്റെ ഭാഗമാണ് .
വിവാഹം കഴിഞ്ഞു, ഭർത്താവ് ഇല്ലാതെ വീട്ടിൽ വരുന്ന പെൺകുട്ടികളോട് പ്രവാസികളോടെന്ന പോലെ എന്ന് തിരികെ പോവും എന്ന് ചോദിക്കുന്ന ഒരു പ്രവണത നാട്ടിൽ നിലനിൽക്കുന്നുണ്ട്. ഒരു പെൺകുട്ടി അവളുടെ വിവാഹം വരെ നിന്ന വീട്ടിൽ അതെ പോലെ അതിനു ശേഷവും നിൽക്കാൻ അവൾക്ക് ആരുടെ മുന്നിലും കാരണം കാണിക്കൽ നോട്ടീസ് നൽകേണ്ട ആവശ്യം ഇല്ല. മകളെ കല്യാണം കഴിപ്പിക്കാൻ എടുക്കുന്ന അധ്വാനത്തിൻ്റെ പകുതി മതി ടോക്‌സിക്ക് ആയ സാഹചര്യങ്ങളിൽ നിന്ന് അവളെ മാറ്റി നിർത്താൻ. സ്വന്തം കുട്ടിയോട് അതിനുള്ള മനസലിവ് കാണിക്കാൻ സാധിക്കുന്ന ഓരോ രക്ഷിതാവിനും ഒരു ആത്മഹത്യയോ കൊലപാതകമോ ഒഴിവാക്കാൻ സാധിക്കും. നിങ്ങളുടെ മകളെ കാണാനും സംസാരിക്കാനും ആരുടെയും അനുവാദം നിങ്ങൾക്ക് ആവശ്യം ഇല്ല എന്നും ആവശ്യം വന്നാൽ അതിനു നിയമസഹായം തേടാനും തയ്യാറാവണം. സ്വന്തം മകളെ മാതാപിതാക്കളെ കാണാൻ സമ്മതിക്കാത്ത ഒരു സാഹചര്യത്തിൽ അവൾക്ക് എന്ത് സുരക്ഷ ആണ് ഉണ്ടാവുക എന്ന ഒറ്റ ചോദ്യം സ്വയം ചോദിച്ചാൽ അടുത്ത നിമിഷം മകളെ സുരക്ഷിതരായി തിരികെ എത്തിക്കാൻ ഉള്ള വഴി കണ്ടെത്താൻ പറ്റും.
വിവാഹത്തോടെ മകൾ എന്ന ഭാരം ഒഴിഞ്ഞു എന്നും അവളുടെ ജീവിതം അവളുടെ മാത്രം ഉത്തരവാദിത്തം എന്ന് ചിന്തിക്കുന്ന ഒരുപാട് പേരുള്ള ,പെൺകുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി നിയമങ്ങൾ ഉള്ള നമ്മളുടെ നാട്ടിൽ വീട്ടുകാർ സ്വീകരിച്ചില്ലെങ്കിൽ അവൾക്ക് കയറി വരാൻ പറ്റിയ ഷെൽട്ടർ ഹോമുകൾ വേണം. മധ്യസ്ഥ ചർച്ച നടത്തി തിരികെ വിടുന്ന , പെൺവീട്ടുകാരുടെ ഉത്തരവാദിത്വമില്ലായ്മ ചോദ്യം ചെയ്യുന്ന നിയമപാലകർ ഇല്ലാതാവേണ്ടതുണ്ട്. ഇന്ന് മരണപ്പെട്ട പെൺകുട്ടിയുടെ താമസസ്ഥലത്ത് ഉള്ള അയൽവാസികൾ പോലീസിനെ വിളിച്ചു പറഞ്ഞതു കൊണ്ടാണ് പോലീസ് സ്ഥലത്ത് എത്തിയത്. മോഫിയയുടെ മരണത്തിന് ഉത്തരവാദി പരാതിയുമായി ചെന്നപ്പോൾ അവളെ അപമാനിച്ചു വിട്ട നിയമപാലകർ ആണ്. വിസ്മയയുടെ കേസിൽ ബഹളം കേട്ടിട്ടും വീട്ടുകാർ ആ ഭാഗത്തേയ്ക്ക് തിരിഞ്ഞ് നോക്കിയില്ല എന്നത് വായിച്ചത് ഓർക്കുന്നു. തൊട്ടു മുന്നിൽ ഒരു പെൺകുട്ടി മരണത്തെ മുഖാമുഖം കാണുമ്പോൾ പോലും തിരിഞ്ഞു നോക്കാതെ ഇരിക്കുന്ന ഭർതൃവീട്ടിലെ ആളുകളുടെ ഇടയിലേക്ക് ആണ് പലപ്പോളും നമ്മൾ പെൺകുട്ടികളെ ‘ഇത്തവണത്തേയ്ക്ക് ക്ഷമിക്കാൻ’ പറഞ്ഞു തിരികെ വിടുന്നത്. കൊന്നാൽ പോലും തങ്ങളെ തിരഞ്ഞ് വരാൻ ആരുമില്ല എന്ന തോന്നലിൽ ആത്മഹത്യ ചെയ്തു യാത്രയാവുന്നു പല പെൺകുട്ടികളും.
സാമ്പത്തിക സ്വാതന്ത്ര്യം ഓരോ സ്ത്രീയുടെയും അവകാശമാണ്. അത് ആരുടെയും ഔദാര്യമല്ല എന്നത് നമ്മളുടെ പെൺകുട്ടികൾ തിരിച്ചറിഞ്ഞ് തുടങ്ങുന്നുണ്ട്. തങ്ങളുടെ ഇഷ്ടത്തിന് ചിലവാക്കാൻ ഉള്ളതല്ല ഭാര്യയുടെ സമ്പാദ്യം എന്നത് തിരിച്ചറിയാത്ത ഇനിയും നേരം വെളുക്കാത്തവർ ആണ് അവളുടെ പണത്തിലും സ്വർണത്തിലും കണ്ണ് വെയ്ക്കുന്നവർ. അത്തരത്തിൽ ഉള്ള ആളുകളുടെ ഉപദ്രവങ്ങളെ ഒരു ദയയും തോന്നാതെ നിയമത്തിന് മുന്നിൽ കൊണ്ടു വരണം. അത്തരക്കാർക്കുള്ള ശിക്ഷകൾ ഒരു വിട്ടു വീഴ്ചയും ഇല്ലാതെ നടക്കുന്നു എന്നത് അതിനോട് ബന്ധപ്പെട്ട സർക്കാറിൻ്റെ സംവിധാനങ്ങൾ ഉറപ്പ് വരുത്തണം.
കടന്നു പോയ ഗാർഹിക പീഡനങ്ങളെ ഒരു ചെറുവിരൽ കൊണ്ട് പോലും എതിർക്കാൻ അറിവില്ലാതെ പോയ മുൻതലമുറ പലയിടത്തും നിശബ്ദരായി പോയത് കൊണ്ടാണ് ഇന്നും ഈ അനാചാരങ്ങൾ ഇവിടെ അരങ്ങേറുന്നത്. ഇപ്പോളത്തെ ഞാൻ ആണെങ്കിൽ ഭർതൃ വീട്ടുകാർക്ക് എതിരെ ഒരു തവണ എങ്കിലും ഗാർഹിക പീഡനത്തിന് കേസ് കൊടുത്തേനെ എന്ന് പറഞ്ഞ പലരെയും അറിയാം. നിയമങ്ങളെ ശരിക്കും ഉപയോഗിക്കാനും , ഉള്ള നിയമങ്ങൾ യഥാവിധി നടക്കുന്നു എന്നുറപ്പ് വരുത്തുന്ന കുറ്റമറ്റ സംവിധാനങ്ങൾ നമ്മളുടെ സമൂഹം വളരട്ടെ. ഒപ്പം അറിയുന്ന ഒരാളെയും ഗാർഹിക പീഡനത്തിന് വിട്ടു കൊടുക്കില്ല എന്ന ഉറച്ച തീരുമാനം നമ്മളും എടുത്തേ പറ്റൂ.
അഞ്ജലി ചന്ദ്രൻ
Post Your Comments