ഇടുക്കി: തൊടുപുഴയിൽ കൊല്ലപ്പെട്ട ഏഴു വയസുകാരന്റെ പിതാവിന്റേതും കൊലപാതകമെന്ന് കണ്ടെത്തി പോലീസ്. കുട്ടിയുടെ പിതാവ് ബിജുവിനെ കഴുത്തുഞ്ഞെരിച്ച് കൊന്നതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. മരണം ഹൃദയാഘാതം മൂലമാണെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. പിന്നീട്, ബിജുവിൻ്റെ കുടുംബത്തിൻ്റെ അഭ്യർത്ഥന പ്രകാരം, വീണ്ടും പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.
ഇതോടെ, കുട്ടികളുടെ അമ്മയുടെ നുണപരിശോധന നടത്താൻ ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്. എന്നാൽ, നുണപരിശോധനയ്ക്ക് ഇതുവരെ കോടതിയുടെ അനുമതി ലഭിച്ചിട്ടില്ല. ഇളയ മകനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ അമ്മയുടെ കാമുകൻ അരുൺ ആനന്ദിനെ കോടതി 21 വർഷം തടവിനു ശിക്ഷിച്ചിരുന്നു. 2018 മെയ് 23നാണ് കേസിന് ആസ്പദമായ സംഭവുണ്ടായത്. ഭാര്യവീട്ടിൽ ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന്, ബിജുവിൻ്റെ ഭാര്യ ആൺസുഹൃത്തിനൊപ്പം താമസിക്കാൻ ആരംഭിച്ചു. ഇതിനു പിന്നാലെ ആൺസുഹൃത്ത് ബിജുവിൻ്റെ മക്കളെ ഉപദ്രവിക്കുകയും ഈ ഉപദ്രവത്തിൽ മൂത്ത മകൻ കൊല്ലപ്പെടുകയും ചെയ്തു. 2019ലായിരുന്നു ഈ സംഭവം. ഇതോടെ, ബിജുവിൻ്റെ കുടുംബം പൊലീസിൽ പരാതിപ്പെട്ടു. ഇതേ തുടർന്നാണ് ബിജുവിൻ്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്തിയത്. ബിജുവിന്റെ പിതാവ് ബാബുവിന്റെ സഹോദരിയുടെ മകനാണ് അരുൺ ആനന്ദ്.
പോസ്റ്റുമോർട്ടത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞെന്നും അന്വേഷണം തുടരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഭാര്യയും അമ്മയും ചേർന്നു കൊലപ്പെടുത്തിയെന്നാണ് ബിജുവിന്റെ കുടുംബം ആരോപിക്കുന്നത്. ബിജു മരിച്ചു മൂന്നാം നാൾ യുവതി അരുൺ ആനന്ദിനൊപ്പം പോകണമെന്നു പറഞ്ഞിരുന്നു. അരുൺ ആനന്ദിന് ഈ കൊലപാതകത്തിൽ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ബിജുവിന്റെ കുടുംബം എതിർത്തിട്ടും യുവതി കുട്ടികളുമായി അരുണിനൊപ്പം പോയതാണ് കുടുംബത്തിനു സംശയം ഉണ്ടാക്കിയത്.
കുട്ടികൾ തുടർച്ചയായി പീഡനത്തിനിരയായതും സംശയം വർദ്ധിപ്പിച്ചു. ഹൃദയാഘാതമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ, ബിജുവിന് ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നത് കുടുംബത്തിന് സംശയം ഉണ്ടാക്കി. ഇതോടെയാണ് വീണ്ടും മുഖ്യമന്ത്രിക്ക് പരാതി നൽകിയതും കേസ് ക്രൈം ബ്രാഞ്ചിനെ ഏൽപ്പിച്ചതും. കുട്ടി കൊല്ലപ്പെട്ട കേസിൽ 2019 ജൂണിലും ഇളയ കുട്ടിയെ പീഡിപ്പിച്ച കേസിൽ ജൂലൈയിലും കുറ്റപത്രം സമർപ്പിച്ചു. കുട്ടി കൊല്ലപ്പെട്ട കേസിൽ വിചാരണ ഉടൻ ആരംഭിക്കും.
Post Your Comments