കോഴിക്കോട്: സമസ്ത നേതാവ് എം.ടി അബ്ദുല്ല മുസ്ലിയാരുടെ നടപടിയില്‍ രൂക്ഷ വിമർശനവുമായി എഴുത്തുകാരൻ എം.എൻ കാരശ്ശേരി. ഇന്ത്യൻ ഭരണഘടന സ്ത്രീകൾക്ക് നൽകുന്ന അവകാശത്തെ ഹനിക്കാനാണ് ഇത്തരക്കാർ ശ്രമിക്കുന്നതെന്നും ഇത് ക്രിമിനൽ കുറ്റമാണെന്നും എം.എൻ കാരശ്ശേരി മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി തങ്ങൾ വിഷയത്തിൽ മറുപടി പറയേണ്ടതുണ്ടെന്നും അറേബ്യയിലെ ഗോത്ര സമൂഹത്തിന് പോലും ഇല്ലാത്ത ചട്ടങ്ങളാണ് ഈ നൂറ്റാണ്ടിൽ ഇവിടെ മത നേതാക്കൾ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും കാരശ്ശേരി ആരോപിച്ചു.
‘പൗരൻമാരുടെ സമത്വ ബോധത്തോടുള്ള തികഞ്ഞ വെല്ലുവിളിയാണിത്. ഭരണഘടന പ്രകാരം എല്ലാ തരത്തിലുള്ള വിവേചനങ്ങളിൽ നിന്നും നമുക്ക് സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. സ്ത്രീ-പുരുഷ സമത്വം അതിൽ വളരെ പ്രധാനമാണ്. മതത്തിന്റെയോ ജാതിയുടെയോ ലിംഗത്തിന്റെ പേരിലോ ആരെങ്കിലും വിവേചനം നേരിടുന്നുണ്ടെങ്കിൽ അത് ക്രിമിനൽ കുറ്റമാണ്. സ്ത്രീകൾക്ക് അയിത്തം കൽപ്പിക്കുകയാണ് ഇവിടെ ഉണ്ടായത്. ഇത്തരത്തിലുള്ള അയിത്തം അംഗീകരിക്കാൻ പറ്റില്ല’- അദ്ദേഹം പറഞ്ഞു.
Read Also: സമുദായ വോട്ടുകള്‍ തേടാനായി ജോ ജോസഫ് എന്‍.എസ്.എസ് ആസ്ഥാനത്ത്
‘മുസ്ലിം സമുദായത്തിന്റെ ആചാരത്തെയോ അനുഷ്ഠാനത്തെയോ വിമർശിച്ചാൽ ഇസ്ലാമോഫോബിയ എന്നാണ് പറയുന്നത്. അത് അവർ പറഞ്ഞോട്ടെ. പൗരത്വ ഭേദഗതിയെ എതിർക്കുന്ന ഇവർ ഭരണഘടന പിടിച്ചാണല്ലോ ആണയിടാറ്. അപ്പോൾ പറയുന്ന സമത്വം ഏത് മതത്തിൽപ്പെട്ടാലും സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും ഒരു പോലെ അവകാശപ്പെട്ടതാണ്. സമസ്തയുടെയും മുസ്ലിം ലീഗിന്റെയും നേതാക്കൾ മറുപടി പറയണം’- കാരശ്ശേരി പറഞ്ഞു.
‘മുസ്ലിം ലീഗിന്റെയും സമസ്തയുടെയും നേതൃത്വം പാണക്കാട് തങ്ങൾമാർക്കാണ്. സാദിഖലി തങ്ങൾ പറയണം. ഭരണ ഘടനയിൽ അദ്ദേഹത്തിന് വിശ്വാസമുണ്ടോ. സമത്വത്തിന് വേണ്ടിയുള്ള അവകാശം ഇന്ത്യൻ ഭരണ ഘടന നൽകുന്നതാണ്. ആ അവകാശത്തിൽ നിന്നും മുസ്ലിം സ്ത്രീകളെ ഒഴിവാക്കാൻ ശ്രമിക്കുകയാണ് ഇവർ. മുസ്ലിം സ്ത്രീകളെ രണ്ടാം പൗരരായി അവർക്ക് കാണണമെങ്കിൽ കാണാം. പക്ഷെ, നമുക്ക് അംഗീകരിക്കാൻ പറ്റില്ല’- കാരശ്ശേരി വ്യാക്തമാക്കി.
Post Your Comments