Latest NewsKeralaIndia

വൈദ്യനെ തട്ടിക്കൊണ്ടു വന്ന് കൊന്ന ഷൈബിനും സംഘവും നടത്തിയത് 2 കൊലകൾ കൂടി : സംശയമുണ്ടാകാത്ത തരത്തിൽ ആത്മഹത്യയാക്കി

ഷൈബിന്റെ ബിസിനസ് പങ്കാളിയായ കോഴിക്കോട് സ്വദേശിയെ കൈ ഞരമ്പ് മുറിച്ചും, എറണാകുളം സ്വദേശിനിയെ ശ്വാസം മുട്ടിയും ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതാണ് സംഭവം

മലപ്പുറം: കർണാടകയിൽ നിന്ന് തട്ടിക്കൊണ്ടു വന്ന വൈദ്യനെ, 1വർഷം നിലമ്പൂരിൽ പൂട്ടിയിട്ടു പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതികൾ കൂടുതൽ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതിന്റെ ഡിജിറ്റൽ തെളിവുകൾ പുറത്തുവിട്ട് മാധ്യമങ്ങൾ. ഒന്നാം പ്രതിയായ ഷൈബിൻ സംഘാംഗങ്ങളുമായി കൊലപാതകം ആസൂത്രണം ചെയ്തതിന്റെ ഓഡിയോ, വീഡിയോ ക്ലിപ്പുകളാണ് പുറത്തുവന്നിരിക്കുന്നത്.

മുക്കം സ്വദേശി ഹാരിസിന്റെ വീട്ടിലേക്ക് പോകുന്ന വഴിയും ആക്രമണ പദ്ധതികളും ഓഡിയോയിൽ വിവരിക്കുന്നുണ്ട്. ഒപ്പം സംഘാംഗങ്ങൾ ചെയ്യേണ്ട കാര്യങ്ങളും ഷൈബിൻ വിശദീകരിക്കുണ്ട്. ആത്മഹത്യയെന്ന് തോന്നുന്ന വിധത്തിൽ രണ്ടുപേരെ കൊല്ലുന്നതിനുള്ള പദ്ധതി പ്രിന്റ് ചെയ്തു ഭിത്തിയിൽ ഒട്ടിച്ചു. 2020ൽ അബുദാബിയിലാണ് കൊലപാതകങ്ങൾ നടന്നതെന്നാണ് റിപ്പോർട്ടുകൾ. കൊലപാതക പദ്ധതിയെപ്പറ്റിയുള്ള വീഡിയോ ചിത്രീകരിച്ചത് പ്രതി നൗഷാദ് ആണ്. വൈദ്യനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും നൗഷാദ് തന്നെയാണ് പകർത്തിയിരുന്നത്.

സംഘത്തലവൻ ഷൈബിൻ അഷറഫിന്റെ കൂട്ടാളിയായ മുക്കം സ്വദേശി ഹാരിസിനെയും മറ്റൊരു സ്ത്രീയെയും കൊലപ്പെടുത്താനായി ചെയ്ത പദ്ധതിയാണെന്നാണ് വിവരം. ഹാരിസ് 2020ൽ അബുദാബിയിൽവെച്ച് കൈമുറിച്ച് ആത്മഹത്യ ചെയ്തതായി ഷൈബിൻ നേരത്തെ പറഞ്ഞിരുന്നു. കൂടാതെ സ്ത്രീ ശ്വാസം മുട്ടി മരിച്ചതാണെന്നുമായിരുന്നു റിപ്പോർട്ടുകൾ.

എന്നാൽ, ഇതാണ് ഇപ്പോൾ കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുന്നത്. നേരത്തെ, തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ ഷൈബിന്റെ വീട്ടിലെ കവർച്ചാ കേസ് പ്രതികൾ, ഗൾഫിലെ രണ്ട് കൊലപാതകങ്ങളിൽ ഷൈബിന് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.

ഷൈബിന്റെ ബിസിനസ് പങ്കാളിയായ കോഴിക്കോട് സ്വദേശിയെ കൈ ഞരമ്പ് മുറിച്ചും, എറണാകുളം സ്വദേശിനിയെ ശ്വാസം മുട്ടിയും ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതാണ് സംഭവം. ലഭിച്ച വിവരങ്ങൾ പുനരന്വേഷണത്തിന് അബുദാബി പൊലീസിന് കൈമാറും. മൈസൂരുവിൽ കാണാതായ പാരമ്പര്യ ചികിത്സകൻ ഷാബാ ഷരീഫി(60)നെ അതിക്രൂരമായാണ് പ്രതി കൊലപ്പെടുത്തിയത്. നിലമ്പൂരിലെ വീട്ടിൽ ഒന്നേകാൽ വർഷം തടവിലിട്ടു പീഡിപ്പിച്ച ശേഷമായിരുന്നു കൊലപാതകം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button