Latest NewsKeralaIndia

തിരുവനന്തപുരത്ത് ഒരു സംഘം തട്ടിക്കൊണ്ടു പോയ യുവാവ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം: കൂടുതൽ വിവരങ്ങൾ

കൈകളില്‍ ചതുരാകൃതിയില്‍ മുറിവുണ്ട്. അതിക്രൂരമായ രീതിയിലാണ് കൊലപാതകം.

തിരുവനന്തപുരം: തിരുവനന്തപുരത്തു കാണാതായ യുവാവിന്റെ മ്യതദേഹം കണ്ടെത്തി. ആറ്റുകാല്‍ കൊഞ്ചിറവിള അനന്തുഭവനില്‍ ഗിരീഷിന്റെയും മിനിയുടെയും മകൻ അനന്തു ഗിരീഷ്(21)നെയാണ് ചൊവ്വാഴ്ച മൂന്നു മണിയോടെ കാണാതായത്. അനന്തുവിനായി പോലീസും ബന്ധുക്കളും നടത്തിയ അന്വേഷണത്തിനിടയിലാണ് ഇന്നലെ രാവിലെ പത്തു മണിയോടെ കൈമനത്തിന് സമീപത്ത് നിന്ന് മ്യതദേഹം കണ്ടെത്തിയത്. ബിഎസ്‌എന്‍എല്ലിന്റെ ഉടമസ്ഥതയിലുള്ള കാടുപിടിച്ചുകിടക്കുന്ന പുരയിടത്തിലെ പൊളിഞ്ഞ കെട്ടിടത്തിലാണ് മ്യതദേഹം കണ്ടെത്തിയത്.

ഇയാളെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്ന സംഘത്തിലെ ഒരാളുടെ ബൈക്ക് ഈ പ്രദേശത്ത് കണ്ടിരുന്നു. ഇതോടെയാണ് ഇവിടെ പരിശോധന നടത്തിയത്. ബൈക്കില്‍ കരമന ഭാഗത്തേക്ക് വരികയായിരുന്ന അനന്തുവിനെ തളിയലില്‍ വച്ച്‌ കാറിലെത്തിയ രണ്ടംഗസംഘമാണ് കടത്തി കൊണ്ടുപോയതെന്നാണ് സൂചന. തുടര്‍ന്ന് അനന്തുവിന്റെ ഫോണിലേക്ക് ഒരു സുഹൃത്ത് വിളിച്ചതോടെയാണ് ഇയാളെ തട്ടിക്കൊണ്ടു പോയ വിവരം പുറംലോകമറിയുന്നത്.ഈ കോളിന് പിന്നാലെ ഫോണ്‍ സ്വിച്ച്‌ ഓഫായതായാണ് വിവരം. അനന്തുവിന്റെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരമനയിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച പോലീസ് അനന്തുവിനെ തട്ടിക്കൊണ്ടു പോയ കാര്‍ തിരിച്ചറിഞ്ഞു.

തമ്പാനൂര്‍ ഭാഗത്തേക്ക് കാര്‍ എത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. ഇരുകൈകളിലും ഞരമ്പുകള്‍ മുറിയത്തക്ക രീതിയില്‍ വെട്ടേറ്റിട്ടുണ്ട്. കൈകളില്‍ ചതുരാകൃതിയില്‍ മുറിവുണ്ട്. അതിക്രൂരമായ രീതിയിലാണ് കൊലപാതകം. തലയിലും ദേഹമാസകലവും വെട്ടേറ്റിട്ടുണ്ട്. പൊട്ടിപൊളിഞ്ഞ കെട്ടിടത്തിന്റെ കരിങ്കല്‍ ചുമരുകളില്‍ തലപിടിച്ചിടിച്ചതിന്റെയും പാടുണ്ട്.ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌കോഡും സ്ഥലത്തെത്തി പരിശോധന നടത്തി.

നേമം സിഐയുടെ നേത്യത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി മ്യതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകിട്ടോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കഴിഞ്ഞ ദിവസം കൊഞ്ചിറവിളയില്‍ നടന്ന ഉത്സവത്തിനിടെ അനന്തുവിന്റെ സുഹൃത്തുകളും മറ്റൊരു സംഘവുമായി സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പ്രതികാരമായാണ് അനന്തുവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button