അബുദാബി: ഇന്ത്യൻ ഉത്പ്പന്നങ്ങളുടെ തീരുവ 90% കുറയ്ക്കുന്നതിനുള്ള നീക്കം ആരംഭിച്ച് യുഎഇ. 2022 ഫെബ്രുവരി 18 ന് ഇന്ത്യയും യുഎഇയും തമ്മിൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി മെയ് ഒന്നു മുതൽ പ്രാബല്യത്തിൽ വന്നതായി യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി വ്യക്തമാക്കി.
കസ്റ്റംസ് തീരുവകൾ 90 ശതമാനം കുറച്ചുകൊണ്ട് വ്യാപാരം പ്രോത്സാഹിപ്പിക്കാനും, 2021 അവസാനത്തിൽ 45 ബില്യൺ ഡോളർ ആയിരുന്ന എണ്ണ ഇതര വ്യാപാരം അടുത്ത അഞ്ച് വർഷങ്ങളിൽ പ്രതിവർഷം 100 ബില്യൺ ഡോളറായി വർദ്ധിപ്പിക്കാനും ഉടമ്പടി സഹായിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കരാറിൽ ഒപ്പുവെക്കാൻ യുഎഇ ഇന്ത്യയെ തിരഞ്ഞെടുത്തത് ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് അടിവരയിടുന്നുവെന്നും ‘പ്രോജക്ട്സ് ഓഫ് ദി 50’ പദ്ധതിയുടെ ഭാഗമായുള്ള ഉടമ്പടിയിൽ ഒപ്പുവെക്കുന്നതിന് വിവിധ രാജ്യങ്ങളുമായി യുഎഇ ചർച്ച നടത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.
യുഎഇയും ഇന്ത്യയും തമ്മിലുള്ള വ്യാപാര വിനിമയത്തിന്റെ വാർഷിക വളർച്ചയെക്കുറിച്ചും, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അവരുടെ ലക്ഷ്യങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തത നൽകി. കരാർ ഇരുരാജ്യങ്ങൾക്കിടയിലുമുള്ള ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കുമെന്നും 2030-ഓടെ യുഎഇയുടെ ജിഡിപിയിൽ 1.7 ശതമാനം വളർച്ചയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments