മലപ്പുറം: സമസ്‌ത വേദിയില്‍ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ അപമാനിച്ച സംഭവത്തില്‍ പ്രതികരിച്ച് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗം അഡ്വക്കേറ്റ് വി.പി റജീന. താൻ അനുഭവിച്ച മത വൈകൃതങ്ങളെ ചൂണ്ടിക്കാട്ടിയാണ് റജീന സമസ്‌തയ്‌ക്കെതിരെ രംഗത്തെത്തിയത്. ആയിരക്കണക്കിന് സ്റ്റേജുകള്‍ നമുക്കായ് കാത്ത് നില്‍ക്കുമ്പോള്‍ വിലക്കപ്പെട്ട സ്റ്റേജുകളില്‍ നാമെന്തിന് പോകണമെന്നും നമുക്കുള്ള വഴികൾ നമ്മൾ വെട്ടിത്തെളിക്കുക തന്നെ ചെയ്യണമെന്നും അവർ തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ കുറിച്ചു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
എട്ട് വർഷമാണ് മദ്റസയിൽ പഠിച്ചത്. മഞ്ചേരി പാലക്കുളം നൂറുൽ ഇസ്ലാം മദ്റസയിലാണ് പഠിച്ചത്.സ്ക്കൂളിൽ ഒരു വിഭാഗം കുട്ടികൾക്കാണ് അന്നൊക്കെ സ്ക്കൂൾ കലോൽസവങ്ങളിലൊക്കെ സജീവമായി പങ്കെടുക്കാൻ കഴിയുക. എന്നാൽ എന്നെ പ്പോലെ സാദരണ കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികൾക്കൊക്കെ മദ്റസയിലെ നബിദിനങ്ങളായിരുന്നു ഏക പ്രതീക്ഷയും ആശ്വാസവും. പാടാനറിയില്ലെങ്കിലും എന്നെ പോലുള്ളവർക്കും അവിടെ പാടാം. കാണാപാഠം പഠിച്ചിട്ടാണേലും പ്രസംഗിക്കാം. എൻ്റെ ആദ്യത്തെ പ്രസംഗ കളരി മദ്റസ തന്നെയായിരുന്നു. നബിദിനത്തിന് മാത്രമല്ല, ആറിലും ഏഴിലുമൊക്കെ പഠിക്കുന്ന സമയത്ത് മുസ്തഫ മാഷ് ഇടക്ക് ഓരോ വിഷയം തന്ന് ക്ലാസിൽ പ്രസംഗിക്കാൻ കുട്ടികളായ ഞങ്ങളോട് ആവശ്യപ്പെടും.
അന്നും ഒരു സഭാ കമ്പവുമില്ലാതെ നിമിഷ നേരം കൊണ്ട് നബിയുടെയും സ്വഹാബികളുടെയും വാചകങ്ങളാക്കെ ക്വാട്ട് ചെയ്ത് പ്രസംഗിച്ച് കയ്യടി വാങ്ങിയത് ഓർക്കുന്നു. ആയിടക്കാന് തൊപ്പിയിട്ട ഒരു മാഷ് ഞങ്ങൾക്ക് അധ്യാപകനായി വരുന്നത്. അയാൾ ഒരു ദിവസം ക്ലാസിലെന്തൊ സംസാരിക്കുന്നതിനിടിയിൽ കൂട്ടുകാർ ‘റജീന പ്രസംഗിക്കും’ എന്ന് പറഞ്ഞപ്പോൾ പെൺകുട്ടികൾ പ്രസംഗിക്കാൻ പാടില്ല എന്ന് പറഞ്ഞ് നിരുൽസാഹപ്പെടുത്തിയതോർക്കുന്നു. രണ്ടര പതിറ്റാണ്ട് മുമ്പത്തെ കാര്യമാണ് ഞാനിവിടെ കുറിച്ചത്.അന്ന് പെൺകുട്ടികൾ ഉന്നത വിദ്യാഭ്യാസം നേടുന്നതും പുറത്ത് ജോലിക്ക് പോകുന്നതും ഉൾപ്പെടെ എല്ലാം വലിയ വിലക്കുകളുള്ള ഒരു കാലമായിരുന്നു. ഫോട്ടൊ, ടൂറ്.സിനിമ, തുടങ്ങി പലതും മുസ്ലിമാണെങ്കിൽ ഹറാമാണെന്ന് പറയുന്ന ഒരു കാലഘട്ടമായിരുന്നു അത്. അവിടെ നിന്നും പൊതു സമൂഹം ഒരു പാട് മുന്നേറി… മുസ്ലീം സമുദായവും…
അപ്പോഴും !!മുസ്ലീം പെൺകുട്ടി സ്റ്റേജിൽ വരാൻ പാടില്ല എന്ന് ഒരു മൊയ്ല്യാര് പറഞ്ഞാൽ അത്ഭുതപ്പെടാനൊന്നുമില്ല… നല്ല നെല്ലിക്കട്ട് മത്തി വെയ്ക്കാനറിയില്ലെങ്കിൽ ഓളെ കുടുംബ ജീവിതം തകർന്നു എന്ന് പറയുന്ന…., പെണ്ണുക്കൾ ജോലിക്ക് പോകുന്ന വീടുകളിൽ അടിവസ്ത്രങ്ങൾ വീടിൻ്റെ മുൻവശത്ത് തൂങ്ങി കിടക്കും എന്ന് പറയുന്ന… അവർ കൊള്ളരുതാത്തവരാണെന്ന് പറയുന്ന… ആണിനെ പോലെ റോഡിലിറങ്ങി കയ്യും വീശി നടക്കാൻ ആരാണ് പെണ്ണിന് സ്വാതന്ത്ര്യം നൽകിയത് എന്ന് പറയുന്ന…. രണ്ട് പെണ്ണുങ്ങൾ തമ്മിൽ തെരെഞ്ഞെടുപ്പിൽ മൽസരിച്ചാൽ ഹലാലും, ആണും പെണ്ണും മൽസരിച്ചാൽ ഹറാമുമാണെന്ന് പറയുന്ന…. വത്തക്കയുടെ ചുവപ്പ് കാണിച്ച് ആകർഷിക്കുന്ന പോലെയാണ് പെൺകുട്ടികൾ കഴുത്തിൻ്റെ കുറച്ച് ഭാഗം കാണിക്കുന്നതെന്ന് പറയുന്ന ഉസ്താദുമാരും മൊയ്ല്യാൻമാരും ഉള്ള അവരെ കേൾക്കുന്ന… ഇത്തരം ഡയലോഗുകൾക്ക് കയ്യടിക്കുന്നവർ തന്നെയാണ് ഇതിനൊക്കെ വളവും പ്രോത്സാഹനവും… അത് കൊണ്ട് പ്രിയ സോദരിമാരെ നമുക്കുള്ള വഴികൾ നമ്മൾ വെട്ടിത്തെളിക്കുക: വിലക്കപ്പെട്ട സ്റ്റേജുകളിൽ നാമെന്തിന് പോകണം…. ആയിരക്കണക്കിന് സ്റ്റേജുകൾ നമുക്കായ് കാത്ത് നിൽക്കുമ്പോൾ …
Post Your Comments