തൃക്കാക്കര: മുസ്ലിമിനും ക്രിസ്ത്യാനിക്കുമെതിരെ രാജ്യത്ത് വ്യാപകമായി ആക്രമണങ്ങൾ നടക്കുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് പിന്നിലുള്ള സംഘപരിവാറിന് കുടപിടിക്കുയാണ് കോൺഗ്രസ് പാർട്ടി ചെയ്യുന്നതെന്നും സംഘപരിവാറിന്റെ ബി ടീമായി കോൺഗ്രസ് മാറിയിരിക്കുയാണെന്നും പിണറായി വിമർശിച്ചു.
തൃക്കാക്കരയ്ക്ക് അസുലഭ സന്ദർഭമാണ് ലഭിച്ചിരിക്കുന്നതെന്നും കേരളം ആഗ്രഹിക്കുന്ന തരത്തിൽ പ്രതികരിക്കാൻ, മണ്ഡലം തയ്യാറെടുത്തു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഉപതിരഞ്ഞെടുപ്പായി തൃക്കാക്കര മാറിക്കഴിഞ്ഞുവെന്നും, തൃക്കാക്കര എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കവേ പിണറായി വിജയൻ വ്യക്തമാക്കി.
രാജ്യത്ത് മത ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ വലിയ തോതിലുള്ള ആക്രമണങ്ങൾ നേരിടുകയാണ്. അതിനെ പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്രത്തിലെ ഭരണാധികാരികൾ. മുസ്ലിമിനും ക്രിസ്ത്യാനിക്കുമെതിരെ രാജ്യത്ത് വ്യാപകമായി ആക്രമണങ്ങൾ സംഘടിപ്പിക്കുകയാണ്. പട്ടികജാതി വിഭാഗങ്ങളും ആക്രമണം നേരിടുകയാണ്. സംഘപരിവാർ ആണ് ഇതിന് നേതൃത്വം നൽകുന്നത്. മതനിരപേക്ഷത നിലനില്‍ക്കണം എന്ന് മഹാഭൂരിപക്ഷം ആഗ്രഹിക്കുന്നു. എന്നാല്‍, അത് തകര്‍ക്കാനാണ് കേന്ദ്രം സന്നദ്ധമാവുന്നത്. ജനങ്ങളെ വഞ്ചിക്കുന്ന രീതിയാണ് കേന്ദ്ര സര്‍ക്കാറിന്റേത്,’ മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments