യുവാക്കളെ അപേക്ഷിച്ച് യുവതികളിൽ ഹൃദയാഘാതത്തിന്റെ നിരക്ക് വർദ്ധിച്ചു വരുന്നതായി പഠനം. യേൽ സർവകലാശാലയുടെ പഠനത്തിലാണ് കണ്ടെത്തൽ. യുവതികളിൽ ഹൃദയാഘാത സാധ്യത ഉയർത്തുന്ന പ്രധാനപ്പെട്ട ഏഴ് ഘടകങ്ങളെയും ഗവേഷണം ചൂണ്ടിക്കാട്ടുന്നു.
പ്രമേഹം, വിഷാദം, ഹൈപ്പർടെൻഷൻ, പുകവലി, ഹൃദ്രോഗ കുടുംബചരിത്രം, കുറഞ്ഞ കുടുംബവരുമാനം, ഉയർന്ന കൊളസ്ട്രോൾ എന്നീ ഏഴ് ഘടകങ്ങളാണ് യുവതികളിലുണ്ടാകുന്ന ഹൃദയാഘാതങ്ങളിൽ 84 ശതമാനത്തിനും കാരണമാകുന്നത്. ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന അപകട സാധ്യതകൾ യുവാക്കളിലും യുവതികളിലും വ്യത്യസ്തമാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ യേൽ സർവകലാശാലയിലെ യുവാൻ ലു പറയുന്നു.
സ്ത്രീകളിൽ പ്രമേഹവും വിഷാദവുമാണ് ഏറ്റവും പ്രധാനപ്പെട്ട അപകട സാധ്യതകളെങ്കിൽ, പുരുഷന്മാരിൽ ഇത് പുകവലിയും കുടുംബത്തിലെ ഹൃദ്രോഗ ചരിത്രവുമാണെന്നും പഠനം പറയുന്നു. യുവതികളിൽ ഹൃദയാഘാത സാധ്യതകളെ പറ്റി കൂടുതൽ അവബോധം പരത്തേണ്ടത് അത്യാവശ്യമാണെന്നും ഗവേഷണ റിപ്പോർട്ട് നിർദ്ദേശിക്കുന്നു. ജാമ നെറ്റ് വർക്ക് ഓപ്പണിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
Post Your Comments